LiveTV

Live

Kuwait

കുവെെത്ത് ശെെത്യകാല തമ്പുകള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യും

കുവെെത്ത് ശെെത്യകാല തമ്പുകള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യും

കുവൈത്തിൽ ശൈത്യകാല തമ്പുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. ശൈത്യകാല തമ്പുകൾ നിലനിർത്താനുള്ള അനുമതി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. അതിനുള്ളിൽ പൊളിച്ചുനീക്കാൻ തമ്പുടമകൾക്ക് മുനിസിപ്പാലിറ്റി നിർദേശം നൽകിയിരുന്നു.

അനുവദിച്ച സമയം കഴിഞ്ഞിട്ടും പൊളിച്ചു നീക്കാത്ത തമ്പുകൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. ഇത്തരം തമ്പുകളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 16ന് മുമ്പ് ഉടമകൾ പൊളിച്ചുനീക്കാത്ത തമ്പുകൾ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി മൂന്നുമാസത്തിന് ശേഷം സാധനസാമഗ്രികൾ ലേലം ചെയ്തുവിൽക്കും. ലൈസൻസ് ഉള്ളതും ഇല്ലാത്തുമായ തമ്പുകൾക്ക് ഇത് ബാധകമാണ്. ഇതിന് മുന്നോടിയായി ആദ്യം തമ്പുടമകൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകും. എന്നാൽ, ലൈസൻസ് ഇല്ലാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

പൊളിച്ചു നീക്കൽ നടപടികൾ മുനിസിപ്പാലിറ്റി ഇന്ന് ആരംഭിക്കും. മുൻ വർഷങ്ങളിൽ നിന്ന് വൈകിയാണ് ഇത്തവണ തമ്പ് ലൈസൻസ് വിതരണം ആരംഭിച്ചത്. സാധാരണ നവംബർ 15 മുതൽ ആരംഭിക്കാറുള്ള സീസൺ ഇക്കുറി ഡിസംബർ 31 നാണു തുടങ്ങിയത്.

ശീതകാലത്തിന് മുന്നോടിയായി രാജ്യത്ത് അനുഭവപ്പെട്ട കനത്ത മഴയിൽ മരുപ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതും ഗൾഫ് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട കുഴിബോംബുകളുടെ സാന്നിധ്യം പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു സീസൺ വൈകിപ്പിച്ചത്.