LiveTV

Live

Kuwait

കഫീല്‍ ഖാന്‍ പങ്കെടുത്ത പരിപാടി; ആശുപത്രി വികസന സമിതി നിലപാടിനെതിരെ എം.എ റസാഖ് മാസ്റ്റര്‍

കോടതി കാണാത്ത എന്ത് രാജ്യദ്രോഹമാണ് ബി.ജെ.പി കാണുന്നതെന്നും അദ്ദേഹം ചോദിച്ചു

കഫീല്‍ ഖാന്‍ പങ്കെടുത്ത പരിപാടി; ആശുപത്രി വികസന സമിതി നിലപാടിനെതിരെ എം.എ റസാഖ് മാസ്റ്റര്‍

യു.പിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍ പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ചടങ്ങിനെതിരെ രാജ്യദ്രോഹാരോപണം ഉയര്‍ന്ന വിഷയത്തില്‍ ആശുപത്രി വികസന സമിതി നിലപാടിനെതിരെ സമിതി അംഗം എം.എ റസാഖ് മാസ്റ്റര്‍. യൂണിയന്‍ നടത്തിയ ചടങ്ങില്‍ ഇടപെടാന്‍ സമിതിക്ക് അധികാരമില്ല. വിഷയത്തില്‍ ബി.ജെ.പിക്കൊപ്പം നിന്ന സി.പി.എം നിലപാട് ദുരൂഹമാണെന്നും സമിതിയിലെ ലീഗ് അംഗമായ റസാഖ് മാസ്റ്റര്‍ ദോഹയില്‍ പറഞ്ഞു

ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ യൂണിയന്‍ ചടങ്ങ് രാജ്യദ്രോഹപരമാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നുമായിരുന്നു ആശുപത്രി വികസന സമിതിയില്‍ ബി.ജെ.പി ഉന്നയിച്ച ആവശ്യം. ഇതിനെയാണ് ചെയര്‍മാന്‍ കൂടിയായ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സി.പി.എം അംഗങ്ങള്‍ പിന്താങ്ങിയത്. ഇതിനെതിരെയാണ് സമിതിയിലെ ലീഗ് അംഗമായ എം.എ റസാഖ് മാസ്റ്റര്‍ രംഗത്തെത്തിയത്.

വര്‍ഗീയ ലക്ഷ്യം വെച്ച് ബി.ജെ.പി നടത്തിയ നീക്കത്തിന് സി.പി.എം കൂട്ടുനിന്നത് ദുരൂഹമാണ്. കഫീല്‍ ഖാനെതിരായ ആരോപണത്തില്‍ കോടതി തന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. കോടതി കാണാത്ത എന്ത് രാജ്യദ്രോഹമാണ് ബി.ജെ.പി കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. ദോഹയില്‍ പാര്‍ട്ടി പരിപാടികള്‍ക്കായി എത്തിയതിനിടെയാണ് റസാഖ് മാസ്റ്റര്‍ നിലപാട് വ്യക്തമാക്കിയത്