LiveTV

Live

Kuwait

ആരോഗ്യമന്ത്രാലയത്തിന്റെ സൗജന്യ മരുന്നുകൾ വിദേശികള്‍ കടത്തുന്നതായി കുവെെത്ത് പാര്‍ലമെന്റംഗം

സന്ദർശനകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ബില്ലിന്മേലുള്ള ചർച്ചയിലാണ് എം.പി വിദേശികൾക്കെതിരെ മരുന്ന് കടത്ത് ആരോപണം ഉയർത്തിയത്

ആരോഗ്യമന്ത്രാലയത്തിന്റെ സൗജന്യ മരുന്നുകൾ വിദേശികള്‍ കടത്തുന്നതായി കുവെെത്ത് പാര്‍ലമെന്റംഗം

ആരോഗ്യമന്ത്രാലയത്തിൽ നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്നുകൾ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്കു കടത്തുന്നതായി കുവൈത്ത് പാർലമെന്റംഗം. ആരോഗ്യ ഇൻഷുറൻസ് ബില്ലിന്മേൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചയിലാണ് ആരോപണം. ഇൻഷുറൻസ് നടപ്പാക്കാനുള്ള തീരുമാനം സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സന്ദർശനകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ബില്ലിന്മേലുള്ള ചർച്ചയിലാണ് യൂസഫ്‌ അൽ ഫാദല എം.പി വിദേശികൾക്കെതിരെ മരുന്ന് കടത്ത് ആരോപണം ഉയർത്തിയത്. സർക്കാകർ ആശുപത്രികളിൽ നിന്നും ഡിസ്പെൻസറികളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്ന് വിദേശികൾ സ്വന്തം നാടുകളിലേക്ക് കടത്തുകയാണെന്നും നാട്ടിലുള്ളവർക്ക് സമ്മാനമായി നൽകുകയാണെന്നും ബില്ലിനെ അനുകൂലിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ എം. പറഞ്ഞു.

സഫാ അൽ ഹാഷിം എംപിയും വിദേശികൾക്കെതിരെ രൂക്ഷവിമർശമാണ് ചർച്ചയിൽ ഉന്നയിച്ചത്. കഴിഞ്ഞ വർഷം കുവൈത്തിലെത്തിയ സന്ദർശകരുടെ കണക്ക് നിരത്തിക്കൊണ്ടാണ് സഫാ അൽഹാഷിം പ്രസംഗിച്ചത്. 621000 വിദേശികൾ സന്ദർശന വിസയിൽ എത്തിയതായും പലരും സൗജന്യചികിത്സ ഉപയോഗപ്പെടുത്തി തിരിച്ചു പോയതായും അവർ പറഞ്ഞു.

ഇൻഷുറൻസ് നിയമത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് നൽകാൻ അനുവദിക്കില്ലെന്നും സഫാ അൽഹാശിം വ്യക്തമാക്കി. ചികിത്സാ സൗജന്യം മുന്നിൽ കണ്ടു സന്ദർശന വിസ വിദേശികൾ ദുരുപയോഗം ചെയ്തുവരുന്നതായി ആദിൽ അൽ ദാംഹി പറഞ്ഞു ഇൻഷുറൻസ് നിയമം നടപ്പാക്കുന്നത് വഴി രാജ്യത്തിന് പുതിയൊരു വരുമാന മാർഗം തുറന്നു കിട്ടിയതായി ഖലീൽ അൽ സാലിഹ് എം.പി അഭിപ്രായപ്പെട്ടു.