LiveTV

Live

Kuwait

സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; കരട് നിര്‍ദേശം കുവെെത്ത് പാര്‍ലമെന്റല്‍ സമര്‍പ്പിച്ചു

നിർദേശം നിയമമായാൽ സന്ദർശക വിസയിലെത്തുന്നവർക്ക് ഇൻഷുറൻസിൻറെ പരിരക്ഷയിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായി ലഭിക്കും

സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; കരട് നിര്‍ദേശം കുവെെത്ത് പാര്‍ലമെന്റല്‍ സമര്‍പ്പിച്ചു

കുവെെത്തിൽ സന്ദർശന വിസകളിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന കരട് നിർദേശം നാളെ പാർലമെൻറ് ചര്‍ച്ച ചെയ്യും. തൊഴിൽ വിസക്കാരുടേതിന് സമാനമായ രീതിയിൽ സന്ദർശകര്‍ക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന നിർദേശമാണ് നീണ്ട ഇടവേളക്കു ശേഷം വീണ്ടും ചർച്ചയാകുന്നത്.

സന്ദർശന വിസക്കാർക്കു ഹെൽത്ത് ഇൻഷുറൻസ് നിര്‍ബന്ധമാക്കണമെന്ന കരട് നിർദേശം രണ്ടു വര്‍ഷം മുൻപാണ് പാർലിമെന്റിൽ സമർപ്പിക്കപ്പെട്ടത്. പാർലമെൻറിലെ ആരോഗ്യസമിതി, നിർദേശം പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്തിരുന്നു. രാജ്യത്തു സ്ഥിരമായി താമസാനുമതി ഉള്ള വിദേശികൾക്ക് മാത്രമാണ് 1999 ലെ ഹെൽത് ഇൻഷുറൻസ് നിയമപ്രകാരം ആരോഗ്യപരിരക്ഷ നിർബന്ധമുള്ളത്.

അതിനാൽ പഴയ നിയമം ഭേദഗതി ചെയ്യണമെന്നാണ് ആരോഗ്യസമിതിയുടെ റിപ്പോർട്ട്. ഇക്കാര്യമാകും ചേരുന്ന പാർലിമെന്റ് റെഗുലർ സെഷനിൽ ചർച്ചയാകുക. നിർദേശം നിയമമായാൽ വിദേശികളുടെ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിൻറെ രേഖ സ്പോൺസർ സമർപ്പിക്കേണ്ടി വരും. തുടർന്ന് സന്ദർശക വിസയിലെത്തുന്നവർക്ക് ഇൻഷുറൻസിൻറെ പരിരക്ഷയിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായി ലഭിക്കും.

വിദേശികളുടെ ചികിത്സക്കായുള്ള ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം രാജ്യത്തു പുരോഗമിക്കുകയാണ്. ആശുപത്രികൾ പ്രവർത്തന സജ്ജമായാൽ സ്ഥിരതാമസമുള്ളവരുടെ ഇൻഷുറൻസ് നിരക്കിൽ വര്‍ധനവുണ്ടാകുമെന്നു ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു