LiveTV

Live

Kuwait

കുവൈത്തിൽ സന്നദ്ധ സംഘടനകൾക്കുള്ള പെരുമാറ്റച്ചട്ടം പരിഷ്കരിക്കുന്നു

തീവ്രവാദ സംഘങ്ങൾക്ക് പണമെത്തുന്നത് തടയാനാണ് ചാരിറ്റി സംഘടനകൾക്ക് ശക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏർപ്പെടുത്തുന്നത്

കുവൈത്തിൽ സന്നദ്ധ  സംഘടനകൾക്കുള്ള പെരുമാറ്റച്ചട്ടം പരിഷ്കരിക്കുന്നു

കുവൈത്തിൽ സന്നദ്ധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ള പെരുമാറ്റച്ചട്ടം പരിഷ്കരിക്കുന്നു. സന്നദ്ധപ്രവർത്തകരുടെ സുരക്ഷക്ക് മുൻഗണന നൽകുന്നതാണ് പുതിയ നിബന്ധനകൾ. ഇതുമായി ബന്ധപ്പെട്ട കരട് നിയമം തയ്യാറായതായി സാമൂഹ്യക്ഷേമ കാര്യ മന്ത്രാലയം അറിയിച്ചു.

തീവ്രവാദ സംഘങ്ങൾക്ക് പണമെത്തുന്നത് തടയാനാണ് ചാരിറ്റി സംഘടനകൾക്ക് ശക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏർപ്പെടുത്തുന്നത്. പുതിയ നിയമ നിർമാണം സംബന്ധിച്ച ചർച്ച പാർലമെന്‍റ് സമിതികൾ പൂർത്തിയാക്കിയിട്ടുണ്ട്. കരടുനിയമത്തിന് പാർലമെന്‍റിന്‍റെ അംഗീകാരം ലഭിച്ച ശേഷം മന്ത്രിസഭയുടെ പരിഗണനക്ക് വിടും. സന്നദ്ധ മേഖലകളിലെ പ്രവർനങ്ങൾക്കും പ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും പുതിയ നിയമമെന്ന് തൊഴിൽ-സാമൂഹികക്ഷേമകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യക്ഷേമ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് ധനസമാഹരണത്തിനു അനുമതിയുള്ളത്. മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ പണപ്പിരിവ് നടത്തുന്നത് നിയമലംഘനമാണ്. കെ. നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ല. അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലെക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്. സാമൂഹികക്ഷേമ മന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് അഞ്ചുവർഷത്തിനിടെ 30 ശതമാനം സന്നദ്ധ സംഘടനകൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു.