LiveTV

Live

Kuwait

കുവൈത്തില്‍ സ്വദേശികളുടെ തൊഴില്‍ ക്ഷാമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

തൊഴിലന്വേഷകരുടെ എണ്ണത്തിൽ 27 ശതമാനം വർദ്ധനയുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

കുവൈത്തില്‍ സ്വദേശികളുടെ തൊഴില്‍ ക്ഷാമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

കുവൈത്തിൽ സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ബഹുമുഖ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമ്പോഴും തൊഴിലന്വേഷകരുടെ എണ്ണത്തിൽ 27 ശതമാനം വർദ്ധനയുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശി ഉദ്യോഗാർത്ഥികളെ നിയമിക്കുക, സ്വകാര്യ മേഖലയിൽ സ്വദേശി ബിരുദധാരികൾക്കു സംവരണം ഏർപ്പെടുത്തുക, ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കു സ്വദേശി യുവാക്കളെ ആകര്‍ഷിക്കുകയും ആവശ്യമായ പ്രോത്സാഹനവും സഹായവും നൽകുകയും ചെയ്യുക തുടങ്ങിയ പദ്ധതികളാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അധികൃതർ ആവിഷ്കരിച്ചത്.

സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം ഏറെക്കുറെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട് എന്നിട്ടും രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം വർധിച്ചു വരുന്നതായാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. മാനവശേഷി വകുപ്പ് പുറത്തു വിട്ട സ്ഥിതി വിവരക്കണക്കനുസരിച്ചു കഴിഞ്ഞ വര്‍ഷം മാത്രം 6829 സ്വദേശി ചെറുപ്പക്കാരാണ് സർക്കാർ മേഖലയിൽ മാത്രം പുതുതായി നിയമിക്കപ്പെട്ടത്. മൊത്തം തൊഴിലന്വേഷകരുടെ 46 ശതമാനം സ്വകാര്യമേഖലയിൽ ജോലി നേടിയിട്ടുണ്ട്.

എന്നാൽ പഠനം പൂർത്തിയാക്കി തൊഴിൽ കാത്തിരിക്കുന്ന സ്വദേശികളിൽ 16105 പേർക്ക് ഇനിയും തൊഴിൽ കണ്ടെത്തേണ്ടതായുണ്ട്. നിലവിൽ ജോലിയോ പെൻഷനോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ ഇല്ലാത്തവരാണ് ഇക്കൂട്ടർ. അതേസമയം സ്വയം തൊഴിൽ സംരഭങ്ങളിലേക്കു ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണത്തിൽ വർദ്ധനയുള്ളതായും സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.