LiveTV

Live

Kuwait

കുവൈത്തിൽ കഴിഞ്ഞ വർഷം തൊഴില്‍ മേഖലയില്‍ പ്രവേശിച്ച വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

8,562 സ്വദേശികളടക്കം 66,562 പേരാണ് കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയത്

കുവൈത്തിൽ കഴിഞ്ഞ വർഷം തൊഴില്‍ മേഖലയില്‍ പ്രവേശിച്ച വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കുവൈത്തിൽ കഴിഞ്ഞ വർഷം 58,000 പുതിയ വിദേശികൾ തൊഴിൽമേഖലയിൽ പ്രവേശിച്ചെന്ന് റിപ്പോർട്ട്. 8,562 സ്വദേശികളടക്കം 66,562 പേരാണ് കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയത്. വിദേശികളിൽ 11,394 പേർ ഗാർഹികത്തൊഴിലാളികളാണ്. ഇതോടെ രാജ്യത്തുള്ള ആകെ ഗാർഹികത്തൊഴിലാളികൾ 6,48,000 ആയി.

ഗാർഹിക തൊഴിലാളികളടക്കം കുവൈത്തിലെ വിദേശികളുടെ എണ്ണം 23.8 ലക്ഷം എത്തിയതായി അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ മേഖലയിൽ 1,23,000 വിദേശികളാണുള്ളത്. സ്വകാര്യ മേഖലയിൽ കുവൈത്തികൾ ഒരു വർഷത്തിനിടെ 695 എണ്ണം മാത്രമാണ് കൂടിയത്. സർക്കാർ ആവുന്നത്ര പ്രോത്സാഹന നടപടികളും സഹായങ്ങളും ചെയ്തിട്ടും സ്വകാര്യ തൊഴിൽ മേഖലയിലേക്ക് സ്വദേശികളെ വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന ആകെ സ്വദേശികളുടെ എണ്ണം 63104 മാത്രമാണ്. അതേസമയം, പൊതുമേഖലയില്‍ ഇത് 3,35,000 ആണ്. കഴിഞ്ഞ വർഷം പൊതുമേഖലയിൽ 7,867 കുവൈത്തികൾ വർധിച്ചു. സ്വദേശിവത്കരണ നടപടികളുടെ ഫലമായി പൊതുമേഖലയിൽ കഴിഞ്ഞ വർഷം 987 വിദേശികൾ കുറയുകയാണ് ചെയ്തത്. മൊത്തം തൊഴിൽ വിപണിയിലെ സ്വദേശികളുടെ തോത് 17 ശതമാനമാണ്.