LiveTV

Live

Kuwait

കുവൈത്തില്‍ സ്വദേശി സംവരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ രണ്ടിരട്ടിയാക്കി വര്‍ധിപ്പിച്ചു

മാനവശേഷി വകുപ്പ് മേധാവി അഹമ്മദ് അൽ മൂസയാണ് സംവരണതോത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ വർധിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്

കുവൈത്തില്‍ സ്വദേശി സംവരണ തോത്  പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ രണ്ടിരട്ടിയാക്കി വര്‍ധിപ്പിച്ചു

കുവൈത്തിൽ സ്വദേശി സംവരണ തോത് പാലിക്കാത്ത സ്ഥാപനങ്ങൾക്കു പിഴ രണ്ടിരട്ടിയാക്കി വർധിപ്പിക്കുമെന്നു മാൻപവർ അതോരിറ്റി. നിശ്ചിതശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള പിഴയാണ് 100 ദിനാറിൽ നിന്ന് 300 ദിനാറാക്കി ഉയർത്തുന്നത്.

മാനവശേഷി വകുപ്പ് മേധാവി അഹമ്മദ് അൽ മൂസയാണ് സംവരണതോത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ വർധിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. ജൂൺ മുതലാണ് പുതുക്കിയ പിഴ പ്രാബല്യത്തിലാക്കുക. സ്വദേശികൾക്ക് ക്വാട്ടയിൽ നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും മുന്നൂറു ദിനാർ വീതം പിഴ ഈടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിയായാണ് സ്വകാര്യമേഖലയിൽ സർക്കാർ സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയത്. മൊത്തം തൊഴിലാളികളുടെ നിശിത ശതമാനം സ്വദേശികളായിരിക്കണമെന്നാണ് നിബന്ധന.

തൊഴിലിന്റെ സ്വഭാവമനുസരിച്ച് വിവിധ മേഖലകളിൽ വ്യത്യസ്ത തോതിലാണ് സ്വദേശികൾക്ക് ക്വാട്ട നിശ്ചയിച്ചിട്ടുള്ളത്. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് സ്ഥാപനം നൽകുന്ന ശമ്പളത്തിന് പുറമെ സർക്കാർ പ്രത്യേക അലവൻസുകളും നൽകുന്നുണ്ട്. എന്നാൽ പല സ്വകാര്യ കമ്പനികളും സംവരണനിബന്ധന പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പിഴ വർധിപ്പിക്കാൻ മാനവശേഷി വകുപ്പ് തീരുമാനിച്ചത്. നിലവിൽ സ്വദേശികൾക്കു പകരം നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും 100 ദിനാർ ആണ് പിഴ. ജൂണ്‍ മാസം മുതൽ ഇത് 300 ആയി വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ഓരോ തവണ തൊഴിൽ പെർമിറ്റ് പുതുക്കുമ്പോഴും പിഴസംഖ്യ അടക്കേണ്ടിവരുമെന്നും മാൻപവർ അതോരിറ്റി മുന്നറിയിപ്പ് നൽകി.