LiveTV

Live

Kuwait

എം.പിമാരെ അയോഗ്യരാക്കി; അമീറിനെ കാണാനൊരുങ്ങി കുവെെത്ത് പ്രതിപക്ഷ എം.പിമാര്‍

കൂടിക്കാഴ്ച്ചയില്‍ സർക്കാരിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും പങ്കെടുക്കും

എം.പിമാരെ അയോഗ്യരാക്കി; അമീറിനെ കാണാനൊരുങ്ങി കുവെെത്ത് പ്രതിപക്ഷ എം.പിമാര്‍

കുവൈത്തിൽ രണ്ടു പാർലമെന്റ് അംഗങ്ങളെ അയോഗ്യരാക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ പത്തോളം പ്രതിപക്ഷ എം.പിമാർ തിങ്കളാഴ്ച അമീറിനെ കാണും. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുടെ സാന്നിധ്യത്തിലാണ് എം.പിമാർ അമീറുമായി കൂടിക്കാഴ്ച നടത്തുക.

ബുധനാഴ്ച നടന്ന-പാർലമെന്റ് സമ്മേളനത്തിലാണ് പ്രതിപക്ഷ നിരയിലെ ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവരുടെ പാർലമെൻറ് അംഗത്വം അസാധുവായതായി സ്പീക്കർ പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു സ്പീക്കറുടെ പ്രഖ്യാപനം. അംഗത്വം നഷ്ടമായ എം.പിമാരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എം.പിമാർ പാർലിമെന്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ഇറങ്ങിപ്പോവുന്നതിന് മുമ്പ് തങ്ങളുടെ വാദം ഉന്നയിക്കാൻ എം.പിമാർ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് വിഷയം ചർച്ച ചെയ്യാൻ പത്തോളം എം.പിമാർ സ്പീക്കറുടെ സാനിധ്യത്തിൽ തിങ്കളാഴ്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹുമായി കൂടികക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയിൽ സർക്കാരിനെ പ്രതിനിധീകരിച്ചു പ്രധാനമന്ത്രിയും പങ്കെടുക്കും.

അതിനിടെ അംഗത്വം റദ്ദാക്കിയത് വ്യക്തികൾക്കെതിരായ നടപടിയായി കാണേണ്ടെന്നും സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനം ഭരണഘടനാപരമാണെന്ന് സ്പീക്കർ മർസൂഖ് അൽഗാനിം വ്യക്തമാക്കി.