LiveTV

Live

Kuwait

കുവൈത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ഇനി ഓണ്‍ലൈനിലൂടെ

കഴിഞ്ഞ ആഴ്ച്ച മുതലാണ് ഡ്രൈവിങ്ങ് ലൈസൻസ് ഇടപാടുകൾ ഓൺലൈൻ ആക്കുന്ന പദ്ധതി ഗതാഗത വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്

കുവൈത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ഇനി ഓണ്‍ലൈനിലൂടെ

കുവൈത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് വിതരണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ പുതിയ സംവിധാനം വിജയകരമെന്ന്‌ വിലയിരുത്തൽ. സെല്‍ഫ് സർവീസ് കിയോസ്‌ക്കുകൾ വഴി ഡ്രൈവിങ്ങ് ലൈസൻസ് വിതരണം ചെയ്യുന്ന പദ്ധതിയാണ് പരീക്ഷണ ഘട്ടം വിജയകരമായി പിന്നിട്ടത്.

കഴിഞ്ഞ ആഴ്ച്ച മുതലാണ് ഡ്രൈവിങ്ങ് ലൈസൻസ് ഇടപാടുകൾ ഓൺലൈൻ ആക്കുന്ന പദ്ധതി ഗതാഗത വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. പരീക്ഷണഘട്ടത്തിൽ സാങ്കേതിക തകരാറുകളൊന്നും ഉണ്ടായില്ല. ഇതോടെ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം. സ്വദേശികളുടെ ലൈസൻസ് സംബന്ധിച്ച് ഇടപാടുകൾ രണ്ട് മാസത്തിനകം ഓൺലൈനാക്കും. സെൽഫ് സർവിസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് ലഭ്യമാക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.

ആഭ്യന്തര മന്ത്രാലയം സജ്ജീകരിക്കുന്ന ഇലക്ട്രോണിക് വിൻന്‍റോ വഴിയാണ് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നത്. പരിശീലനം നേടിയ ജീവനക്കാർ അപേക്ഷ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആളുകൾക്ക് സെൽഫ് സർവിസ് കിയോസ്കുകൾ വഴി ലൈസൻസ് സ്വന്തമാക്കാം. ആദ്യഘട്ടത്തിൽ സ്വദേശികളുടെ ഇടപാട് മാത്രമാണ് ഓൺലൈനാക്കുന്നതെങ്കിലും പിന്നീട് വിദേശികൾക്കും ബാധകമാക്കും. ഏതൻസ് ആസ്ഥാനമായ കമ്പനിയാണ് ഇതിനായി ഉപകരണം നൽകുന്നത്. ആറ് ഗവർണറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 15 സെൽഫ് സർവിസ് കിയോസ്കുകൾ സ്ഥാപിക്കും. ലൈസൻസ് വിതരണം, പുതുക്കൽ, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസൻസുകൾക്ക് പകരം വാങ്ങിക്കൽ എന്നിവയെല്ലാം കിയോസ്കുകൾ വഴി സാധിക്കും. സിവിൽ ഐ.ഡി കാർഡ് അനുവദിക്കുന്നതിന് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഒരുക്കിയ സംവിധാനത്തിന് സമാനമായാണ് ഗതാഗത വകുപ്പും സംവിധാനമൊരുക്കുന്നത്.