ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കുവെെത്ത്
രോഗിയെ സംബന്ധിക്കുന്ന പ്രാഥമിക വിവരം നൽകുന്നതോടെ ഏത് ആശുപത്രിയിൽ നിന്നും ക്ലിനിക്കൽ ഹിസ്റ്ററി പരിശോധിക്കാൻ ഇത് വഴി സാധിക്കും

കുവൈത്തിലെ ആശുപത്രികളിൽ ഇ-ഫയലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി. ആധുനിക സാങ്കേതിക സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ദുബൈയിൽ നടക്കുന്ന അറബ് ആരോഗ്യ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സിൽ അൽ സബാഹ് ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യസേവന മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയുള്ള കൂടുതൽ വികസന പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന് വ്യക്തമാക്കി മന്ത്രി ഡോ. ശൈഖ് ബാസിൽ അസ്സബാഹ്. പരിഷ്കരണം രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ആദ്യപടിയായാണ് മുഴുവൻ രോഗികളുടെയും ചികിത്സാ രേഖകൾ ഇലക്ട്രോണിക് ഫയലുകളിലേക്ക് മാറ്റുന്നത്.
അതോടൊപ്പം ഫയലുകൾ ഏകീകരിക്കുകയും ചെയ്യും. രോഗിയെ സംബന്ധിക്കുന്ന പ്രാഥമിക വിവരം നൽകുന്നതോടെ ഏത് ആശുപത്രിയിൽ നിന്നും ക്ലിനിക്കൽ ഹിസ്റ്ററി പരിശോധിക്കാൻ ഇത് വഴി സാധിക്കും. സംവിധാനം യാഥാർഥ്യമാകുന്നതോടെ രോഗിക്കും ഡോക്ടർമാർക്കും ഒരു പോലെ ചികിത്സാ കാര്യങ്ങൾ വേഗത്തിലും കൂടുതൽ സുതാര്യവുമാക്കാൻ സാധിക്കുമെന്ന് ശൈഖ് ബാസിൽ അൽ സബാഹ് കൂട്ടിച്ചേർത്തു.