LiveTV

Live

Kuwait

കുവൈത്തിൽ മരുന്നുകളുടെ ബില്ലുകൾ അറബിയിലായിരിക്കണം- ആരോഗ്യ മന്ത്രാലയം

ഫാർമസ്യൂട്ടിക്കൽ ഫുഡ് സപ്ലിമെന്‍റ് സെക്ടറുകളില്‍ സുതാര്യത ഉറപ്പാക്കാൻ ഇത് വഴിയൊരുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്തിൽ മരുന്നുകളുടെ ബില്ലുകൾ അറബിയിലായിരിക്കണം- ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ മരുന്നുകളുടെയും ഫുഡ് സപ്ലിമെന്‍റുകളുടെയും ബില്ലുകൾ അറബി ഭാഷയിലായിരിക്കണമെന്നു ആരോഗ്യ മന്ത്രാലയം. ബില്ലുകളിൽ ഉല്‍പന്നത്തിന്‍റെ ബാച്ച് നമ്പർ, കാലാവധി, കുവൈത്ത് ദിനാറിൽ ഉള്ള വില, എക്സ്ചേഞ്ച് ഡേറ്റ് എന്നിവ രേഖപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി ഒപ്പിട്ട ഉത്തരവിൽ പറയുന്നു.

ഫാർമസികൾ, ഫുഡ് സപ്ലിമെന്‍റ് ഷോപ്പുകൾ എന്നിവർക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇൻവോയ്സുകൾ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിർദേശം. അറബിക്കിനോടൊപ്പം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ അനുബന്ധമായി ഉപയോഗിക്കുന്നതിനു തടസ്സമില്ല. ബിൽ ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള ലഘു വിവരണവും ഉല്‍പന്നത്തിന്‍റെ വിശദശാംശങ്ങളും ബില്ലിൽ രേഖപ്പെടുത്തിയിരിക്കണം.

ഉല്‍പന്നത്തിന്‍റെ ബാച് നമ്പര്‍, ഉപയോഗിക്കാവുന്ന കാലാവധി, പ്രാദേശിക കറൻസിയിലുള്ള വില, സ്ഥാപനത്തിന്‍റെ ഔദ്യോഗിക സീൽ, വില്‍പനക്കാരന്‍റെ ഒപ്പ് എന്നിവയും നിർബന്ധമാണ്, ഉല്‍പന്നം മാറ്റിവാങ്ങുന്നതിനായി അനുവദിക്കുന്ന കാലയളവും ബില്ലിൽ രേഖപ്പെടുത്തണമെന്നു ആരോഗ്യമന്ത്രിയുടെ ഉത്തരവിൽ പറയുന്നു.

സ്വദേശികളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ കാര്യക്ഷമമായ നടപ്പാക്കൽകൂടി ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവെന്നും ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽ ഫുഡ് സപ്ലിമെന്‍റ് സെക്ടറുകളില്‍ സുതാര്യത ഉറപ്പാക്കാൻ ഇത് വഴിയൊരുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.