LiveTV

Live

Kuwait

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി

സിവില്‍ ഐ.ഡി കാര്‍ഡ് വിതരണത്തിന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റി നടപ്പാക്കിയ സംവിധാനത്തിന് സമാനമായാകും ഓണ്‍ലൈന്‍ വഴിയുള്ള ലൈസന്‍സ് വിതരണം

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം. രണ്ടു മാസത്തിനുള്ളില്‍ സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. വിദേശികളുടെ ലൈസന്‍സ് വിതരണം തല്‍ക്കാലം നിലവിലെ രീതിയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സിവില്‍ ഐ.ഡി കാര്‍ഡ് വിതരണത്തിന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റി നടപ്പാക്കിയ സംവിധാനത്തിന് സമാനമായാകും ഓണ്‍ലൈന്‍ വഴിയുള്ള ലൈസന്‍സ് വിതരണം. സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് നിലവില്‍ വരുന്നത്. ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് വിന്‍ഡോ ഏര്‍പ്പെടുത്തും.

15 സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏഥന്‍സ് ആസ്ഥാനമായ കമ്പനിയാണ് ആവശ്യമായ സാങ്കേതികത ലഭ്യമാക്കുന്നത്. ജീവനകാകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സ്വദേശികള്‍ക്ക് മാത്രമാകും ഓണ്‍ലൈന്‍ വഴി ഇടപാട് നടത്താനാവുക. പിന്നീട് വിദേശികള്‍ക്കും ബാധകമാക്കും. ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സുകള്‍ക്ക് പകരം വാങ്ങിക്കല്‍ എന്നിവയെല്ലാം കിയോസ്‌കുകള്‍ വഴി സാധിക്കും. പുതിയ സംവിധാനത്തലേക്കു മാറുന്നതോടെ ലൈസന്‍സ് കാര്‍ഡുകള്‍ കൂടുതല്‍ സാങ്കേതികത്തികവും അന്താരാഷ്ട്ര നിലവാരമുള്ളതുമായി മാറും. പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.