LiveTV

Live

Kuwait

കുവൈത്ത് കഴിഞ്ഞ വര്‍ഷം 17000 വിദേശികളെ നാടുകടത്തി

താമസകാര്യ വകുപ്പിന്റെ കണക്കു പ്രകാരം 2017ല്‍ 29,000 പേരാണ് കുവൈത്തില്‍ നിന്നു നാടുകടത്തപ്പെട്ടത്.

കുവൈത്ത് കഴിഞ്ഞ വര്‍ഷം 17000 വിദേശികളെ നാടുകടത്തി

കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് 17000 വിദേശികളെ. ഇഖാമ പരിശോധനയില്‍ പിടിയിലായവരും കോടതി വിധിയിലൂടെ നാടുകടത്തപ്പെട്ടവരും ജയില്‍ ശിക്ഷ അനുഭവിച്ചവരും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാമതുള്ളത്.

2018 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ മുപ്പത് പേരെയുള്ള കാലയളവില്‍ പ്രതിദിനം 46ലധികം വിദേശികളെ നാടുകടത്തിയതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്കില്‍ പറയുന്നത്. ഇന്ത്യക്കാരാണ് പട്ടികയില്‍ ഒന്നാമത്. ഈജിപ്ത്, ഫിലിപ്പൈന്‍സ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക. എന്നീ രാജ്യക്കാരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അമേരിക്കകാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. താമസനിയമ ലംഘനം, മദ്യം, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍. ഗുരുതരമായ ഗതാഗതനിയമലംഘനം സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയുടെ പേരിലാണ് കൂടുതല്‍ പേരെയും നാടുകടത്തിയത്. വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്.

തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. താമസകാര്യ വകുപ്പിന്റെ കണക്കു പ്രകാരം 2017ല്‍ 29,000 പേരാണ് കുവൈത്തില്‍ നിന്നു നാടുകടത്തപ്പെട്ടത്. താമസ, തൊഴില്‍ നിയമലംഘകരില്‍ വലിയൊരു വിഭാഗം പൊതുമാപ്പ് കാലത്ത് തിരിച്ച് പോയത് ഈ വര്‍ഷം എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.