കുവൈത്തിലെ ജലീബ് മേഖല കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്
ഇന്ത്യക്കാര്‍ ഉൾപ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ജലീബ് അൽ ശുയൂഖ്.

കുവൈത്തിലെ ജലീബ് മേഖല കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. 2018 ഡിസംബറിലേ കണക്കനുസരിച്ച് 27 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യക്കാര്‍ ഉൾപ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ജലീബ് അൽ ശുയൂഖ്. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവന്ന പരിശോധനകളാണ് ജലീബ് മേഖലയിൽ കുറ്റകൃത്യങ്ങൾ കുറക്കാൻ സഹായിച്ചതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. 2017 ഡിസംബറിൽ ജലീബ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 1044 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2018 ഡിസംബറിൽ ഇത്.
841 കേസുകൾ ആയാണ് കുറഞ്ഞത് താഴ്ന്ന വരുമാനക്കാരായ വിദേശികൾ ചേരിയിലെന്ന പോലെ തിങ്ങിത്താമസിക്കുന്ന ജലീബ് അൽ ശുയൂഖിൽ നേരത്തെ പിടിച്ചുപറി സംഘങ്ങൾ വ്യാപകമായിരുന്നു. വഴിയാത്രക്കാരെ തടഞ്ഞുനിർത്തി കവർച്ച പതിവായതോടെ മലയാളി സമൂഹവും സംഘടനാ നേതാക്കളും ഇടപെട്ട് പരാതി നൽകിയതിനെ തുടർന്ന് അധികൃതർ കൂടുതൽ ശ്രദ്ധ പതിപ്പിച്ചതോടെയാണ് കുറ്റവാളികൾ ഒതുങ്ങിയത്. അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് മേഖലയിൽ നിന്ന് താമസ നിയമലംഘകർ ഉൾപ്പെടെ നിരവധി പേരെ പൊലീസ് റെയ്ഡ് നടത്തി പിടികൂടിയിരുന്നു. നിരവധി കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും നിയമം ലംഘിച്ച് നടത്തിയ സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. തെരുവ് കച്ചവടക്കാർക്കെതിരെയും കർശനമായ നടപടിയുണ്ടായി. ഇതെല്ലാം സുരക്ഷാ സാഹചര്യം മെച്ചപ്പെടാൻ സഹായകമായതായി അധികൃതർ വിലയിരുത്തുന്നു