LiveTV

Live

Kuwait

ഫിലിപ്പെെന്‍സ്-കുവെെത്ത് തൊഴില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു

തൊഴിലാളികൾക്ക് അനുകൂലമായ നിരവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കരാർ

ഫിലിപ്പെെന്‍സ്-കുവെെത്ത് തൊഴില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു

കുവൈത്തും ഫിലിപ്പൈൻസും തമ്മിലുണ്ടാക്കിയ തൊഴിൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിലായി. ഗാർഹിക മേഖലയിൽ ഉൾപ്പെടെ കുവൈത്തിലുള്ള മുഴുവൻ ഫിലിപ്പൈൻ തൊഴിലാളികളും പുതിയ തൊഴിൽ കരാറിന്റെ പരിധിയിൽ വരും. തൊഴിലാളികൾക്ക് അനുകൂലമായ ഒട്ടനവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കരാർ.

കഴിഞ്ഞ മെയ് മാസത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹും ഫിലിപ്പീൻ വിദേശകാര്യ സെക്രട്ടറി അലൻ പീറ്ററും ആണ് കരാറിൽ ഒപ്പുവെച്ചത്. ജനുവരി 13 ഞായറാഴ്ച മുതലാണ് കരാർ പ്രാബല്യത്തിലായത്.

കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻ പൗരന്മാർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പറും സ്ഥാപിക്കണം എന്നതുൾപ്പടെ തൊഴിലാളികൾക്ക് അനുകൂലമായ നിരവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കരാർ.

എട്ടുമണിക്കൂർ വിശ്രമം അനുവദിക്കണം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവെക്കരുത്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം തൊഴിലെടുപ്പിക്കാൻ പാടുള്ളൂ തുടങ്ങിയ വ്യവസ്ഥകളും കരാറിലുണ്ട്. കുവൈത്തിലെ ഫിലിപ്പീൻ അംബാസഡറെ കുവൈത്ത് പുറത്താക്കുന്നത് വരെ എത്തിയ നയതന്ത്ര പ്രശ്നങ്ങൾക്ക് ശേഷം ദീർഘമായ ചർച്ചകളിലൂടെയും ഇരുരാജ്യങ്ങളും കഴിഞ്ഞ മെയിൽ കരാറിലെത്തിയത്. 262,000 ഫിലിപ്പീൻ തൊഴിലാളികളാണ് കുവൈത്തിൽ ഉള്ളത്.