LiveTV

Live

Kuwait

സ്പോൺസർമാരിൽ നിന്നും ഒളിച്ചോടുന്ന ഗാർഹിക ജോലിക്കാരെ പിടികൂടിയാല്‍ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം

സ്പോൺസർമാരിൽ നിന്നും ഒളിച്ചോടുന്ന ഗാർഹിക ജോലിക്കാരെ പിടികൂടിയാല്‍ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്തിൽ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടുന്ന ഗാർഹിക ജോലിക്കാരെ പിടികൂടിയാലുടൻ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം. ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിനുള്ള ഊർജിത പദ്ധതിയുടെ ഭാഗമായാണ് നടപടി കടുപ്പിക്കുന്നത്. ഒളിച്ചോട്ട പരാതി നൽകിയാൽ പിൻവലിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആഭ്യന്തര അന്ത്രാലയത്തിലെ റസിഡൻസി അഫയേഴ്‌സ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശി സ്വദേശി ജനസംഖ്യയിൽ നില നിൽക്കുന്ന അസന്തുലിതത്വം ഇല്ലാതാക്കാൻ ഊർജിത ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായി അവൈദഗ്‌ദ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് പദ്ധതി. വീട്ടു ജോലിക്കായി വരികയും സ്പോണ്സര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റു തൊഴിലിടങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത തൊഴിൽ വിപണയെ ദോഷകരമായി ബാധിക്കുന്നതായാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് ഒളിച്ചോടുന്ന തൊഴിലാളികളെ വിചാരണ കൂടാതെ നാടുകടത്താൻ താമസകാര്യ വകുപ്പ് നിർദേശം നൽകിയത്.

ജനസംഖ്യാക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ വൈകാതെയുണ്ടാകുമെന്നു തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് സൂചന നൽകിയിട്ടുണ്ട്. സ്വദേശികൾക്കു കൂടുതൽ പരിഗണന ലഭിക്കുന്ന തരത്തിൽ സ്വകാര്യ തൊഴിൽ നിയമം പരിഷ്കരിക്കുമെന്നും തൊഴിൽ മന്ത്രി അറിയിച്ചു.

അവിദഗ്ദരായ വിദേശികളുടെ എണ്ണം പരമാവധി കുറക്കുക, ഇത്തരക്കാർ പുതുതായി രാജ്യത്തെത്തുന്നത് തടയുക എന്നിവക്കാണ് അധികൃതർ ഊന്നൽ നൽകുന്നത്. ഇതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ ഏഴു വർഷത്തിനുള്ളിൽ പത്തു ലക്ഷം അവിദഗ്ധ ജോലിക്കാരെ പുറത്താക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കു കൂട്ടൽ.