LiveTV

Live

Kuwait

കുവൈത്തിൽ ഓൺലൈൻ പ്രസിദ്ധീകരങ്ങൾക്കു പെരുമാറ്റച്ചട്ടം വരുന്നു

കുവൈത്തിൽ ഓൺലൈൻ പ്രസിദ്ധീകരങ്ങൾക്കു പെരുമാറ്റച്ചട്ടം വരുന്നു

കുവൈത്തിൽ ഓൺലൈൻ പ്രസിദ്ധീകരങ്ങൾക്കു പെരുമാറ്റച്ചട്ടം വരുന്നു. നിയമ വിധേയമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ സഹായിക്കുന്ന തരത്തിൽ ബൈ ലോ തയ്യാറാക്കാനാണു വാർത്താവിനിമയ മന്ത്രാലയത്തിന്റെ പദ്ധതി.

വാർത്താവിനിമയ മന്ത്രാലയത്തിലെ ഇലക്ട്രോണിക് പബ്ലിഷിങ് മാനേജ്‌മെന്റ് ഡയറക്ടർ ലാഫി അൽ സുബീഹ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓൺലൈൻ പത്രങ്ങൾ വെബ്‌സൈറ്റുകൾ എന്നിവക്ക് ബാധകമാകുന്ന രീതിയിൽ ഇ മീഡിയ നിയമത്തിലെ എട്ടാം അനുച്ഛേദം അനുസരിച്ചുള്ളതായിരിക്കും നിർദിഷ്ട പെരുമാറ്റച്ചട്ടം. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് സർക്കാർ തലസഹായങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഔദ്യോഗിക തലത്തിൽ നടക്കുന്ന സെമിനാറുകൾ ഉച്ചകോടികൾ എന്നിവ കവർ ചെയ്യാനുള്ള അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും പെരുമാറ്റച്ചട്ടം സഹായകമാകും. രാജ്യത്ത് ഇ മീഡിയ നിയമം പ്രാബല്യത്തിലായതിനു ശേഷം ന്യൂസ് പോർട്ടലുകൾക്കും വെബ്‌സൈറ്റുകൾക്കും ലൈസൻസ് നേടാൻ ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ഉടമകൾക്ക് 500 ദിനാർ മുതൽ 5000 ദിനാർ വരെ പിഴചുമത്തുകയും ചെയ്യും. കുറഞ്ഞത് സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിന് മേൽ പ്രായമുള്ള സ്വദേശികൾക്ക് മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസൻസ് അനുവദിക്കുക. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്