LiveTV

Live

Kuwait

വിദേശത്തേക്ക് പണം അയക്കുന്നവരുടെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിർദേശം

വിദേശത്തേക്ക് പണം അയക്കുന്നവരുടെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിർദേശം

വിദേശത്തേക്ക് പണം അയക്കുന്നവരുടെ വിവരങ്ങളും വരുമാന സ്രോതസ്സുകളും നിരീക്ഷിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് മണി എക്സ്ചേഞ്ചുകള്‍ക്ക് നിർദേശം നൽകി. സാമ്പത്തിക തട്ടിപ്പുകളും തീവ്രവാദികൾക്ക് പണമെത്തുന്നതും തടയുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ മുഴുവൻ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കും ബാങ്ക് ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ അയച്ചു.

സെൻട്രൽ ബാങ്ക് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കയച്ച സർക്കുലർ അനുസരിച്ച് പണമയക്കുന്നവരുടെ കൃത്യമായ വ്യക്തി വിവരങ്ങൾ കമ്പനി ശേഖരിക്കുകയും പണത്തിൻറെ സ്രോതസ്സ് തേടുകയും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും വേണം. വലിയ തുക അയക്കുമ്പോൾ പ്രത്യേക നിരീക്ഷണം ഉണ്ടാവണമെന്നും സർക്കുലറിൽ പറയുന്നു. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ ചില എക്സ്ചേഞ്ചുകളിൽ പരിശോധന നടത്തിയിരുന്നു. മാർഗ നിർദേശങ്ങളൊന്നും പാലിക്കാതെയും ഇടപാടുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാതെയും പലയിടത്തും പണമയച്ചതായി കണ്ടെത്തി. തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിനുള്ള ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനങ്ങളുടെ ഭാഗമായാണ് കുവൈത്തും നടപടികൾ ശക്തിപ്പെടുത്തുന്നത്. തുർക്കിയിലെയും സിറിയയിലെയും ദാഇഷ് പ്രവർത്തകർക്ക് പണമയക്കാൻ വ്യാജ മണി എക്സ്ചേഞ്ച് ഓഫിസ് തുടങ്ങിയതിന് രണ്ടുപേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണു വിദേശ പണമിടപാടുകൾ അധികൃതർ ശക്തമായി നിരീക്ഷിക്കുന്നത്.