LiveTV

Live

Kuwait

മധ്യ ആഫ്രിക്കയിലെ ഭീകരവാദം; യു.എന്‍ ഇടപെടണമെന്ന് കുവെെത്ത് 

ഗാബൺ, കാമറൂൺ, കോംഗോ തുടങ്ങിയ രാജ്യങ്ങൾ ഭീകരവാദ സംഘടനകളുടെ സാന്നിധ്യംകൊണ്ട് പൊറുതി മുട്ടുകയാണ്

മധ്യ ആഫ്രിക്കയിലെ ഭീകരവാദം; യു.എന്‍ ഇടപെടണമെന്ന് കുവെെത്ത് 

മധ്യ ആഫ്രിക്കയിലെ ഭീകരവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി കുവൈത്ത്. ഭീകരവാദ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. മധ്യ ആഫ്രിക്കയിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭാ രക്ഷാ കൗൺസിലിൽ നടന്ന ചർച്ചയിൽ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് നിലപാട് വ്യക്തമാക്കിയത്.

ബോകോ ഹറാം, ജൈശ് അൽ റബ്ബ് തുടങ്ങിയ സായുധ സംഘങ്ങൾ മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ നിരപരാധികൾ ഇരയാക്കപ്പെടുന്നു. ചാവേർ സ്ഫോടനങ്ങൾ, തുടർച്ചയായ സായുധ ആക്രമണങ്ങൾ, കളവ്, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട സംഘടനകളാണ് ബോക്കോ ഹറാമും, ജൈശ് അൽ റബ്ബും. ഗാബൺ, കാമറൂൺ, കോംഗോ തുടങ്ങിയ രാജ്യങ്ങൾ ഭീകരവാദ സംഘടനകളുടെ സാന്നിധ്യംകൊണ്ട് പൊറുതി മുട്ടുകയാണ്. ഏത് സമയത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായേക്കാമെന്ന സാഹചര്യം ഈ രാജ്യങ്ങളുടെ സ്വസ്ഥതയെ ബാധിച്ചിട്ടുണ്ട്.

മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും കടുത്ത വെല്ലുവിളിയാണ് ഈ സംഘടനകൾ ഉയർത്തുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ യു.എൻ തലത്തിൽ ശക്തമായ നടപടിയുണ്ടാകണം. മേഖലയിൽ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും ഉതൈബി കൂട്ടിച്ചേർത്തു.