LiveTV

Live

Kuwait

കുവൈത്തിൽ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ നല്‍കി വന്നിരുന്ന അലവൻസ് വർധിപ്പിച്ചു

കുവൈത്തിൽ  സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ നല്‍കി വന്നിരുന്ന അലവൻസ് വർധിപ്പിച്ചു

കുവൈത്തിൽ 30000 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്തിനു നല്‍കി വന്നിരുന്ന അലവൻസ് വർധിപ്പിച്ചു. സെക്കൻഡറി, ഇൻറർമീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറിൽനിന്ന് 161 ദീനാർ ആയും ലോവർ സർട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറിൽനിന്ന് 161 ആയുമാണ് വർധിപ്പിച്ചത്.

സ്വദേശിവത്കരണത്തിനുള്ള സർക്കാർ വകുപ്പായ മാൻപവർ ആൻഡ് ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാം മേധാവി ഇമാൻ അൽ അൻസാരി വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. തൊഴിൽ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെ സർക്കാർ നൽകി വരുന്ന അലവൻസാണ് വർധിപ്പിച്ചത്. സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി മന്ത്രിസഭാ തീരുമാനപ്രകാരമാണ് പ്രത്യേക അലവൻസ് നൽകുന്നത്. സബ്സിഡി കുടിശ്ശിക ഡിസംബറിൽ കൊടുത്തുതീർക്കുമെന്നും കിട്ടാൻ ബാക്കിയുള്ളവർ വകുപ്പിനെ സമീപിക്കണമെന്നും അവർ പറഞ്ഞു.

സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിന് സ്വകാര്യ തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നത് സർക്കാറിെൻറ പരിഗണനയിലുണ്ട്. സർക്കാർ പദ്ധതികളിൽ അഞ്ച് ശതമാനമെങ്കിലും സ്വദേശി യുവാക്കളുടെ കീഴിലുള്ള ചെറുകിട-ഇടത്തരം കമ്പനികൾക്ക് നൽകണമെന്ന് വ്യവസ്ഥ ചെയ്യും വിധം ടെൻഡർ നിയമത്തിൽ ഭേദഗതി വരുത്തും. ടെൻ‌ഡറുകളിൽ മറ്റു സ്ഥാപനങ്ങളുടേതിനെക്കാൾ 15% വരെ തുക കൂടുതലാണെങ്കിലും ഈ വിഭാഗത്തിലുള്ളവരെ പരിഗണിച്ചേക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നവർക്കു പ്രോത്സാഹനം, സ്വയം സം‌രംഭങ്ങൾക്കു സ്ഥലം അനുവദിക്കൽ, കുടിൽ വ്യവസായം ആഗ്രഹിക്കുന്നവർക്ക് സഹായം, നടപ്പാക്കുന്ന പദ്ധതികൾക്ക് ഇൻസെൻറീവ് തുടങ്ങിയവയും പരിഗണനയിലുണ്ട്.