LiveTV

Live

Kuwait

താമസാനുമതിയുള്ള വിദേശികള്‍ക്ക് മാതാപിതാക്കളെ കൊണ്ടു വരുന്നതിനുള്ള വിലക്ക് കുവെെത്ത് നീക്കി

രാജ്യത്ത് താമസാനുമതിയുള്ള വിദേശികൾക്ക് അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള രക്ഷിതാക്കളെ സന്ദർശന വിസയിൽ കൊണ്ട് വരുന്നതിനു നേരത്തെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

താമസാനുമതിയുള്ള വിദേശികള്‍ക്ക് മാതാപിതാക്കളെ കൊണ്ടു വരുന്നതിനുള്ള വിലക്ക് കുവെെത്ത് നീക്കി

കുവൈത്തിൽ വിദേശികൾക്ക് സന്ദർശന വിസയിൽ മാതാപിതാക്കളെ കൊണ്ട് വരുന്നതിനുള്ള പ്രായപരിധി നിബന്ധന എടുത്തുമാറ്റി. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി മേജർ ജനറൽ അബ്ദുല്ല അൽ ഹാജിരിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്

രാജ്യത്ത് താമസാനുമതിയുള്ള വിദേശികൾക്ക് അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള രക്ഷിതാക്കളെ സന്ദർശന വിസയിൽ കൊണ്ട് വരുന്നതിനു നേരത്തെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സൗജന്യ ആരോഗ്യ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വിസ നിഷേധിച്ചിരുന്നത്. എന്നാൽ വിദേശികളുടെ ചികിത്സാ സേവനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിസ നിയന്ത്രണം എടുത്തുമാറ്റാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായത്.

കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ മേധാവികളുടെ യോഗത്തിൽ ഇത് സംബന്ധിച്ച നിർദേശം താമസകാര്യ വകുപ്പ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഹാജിരി വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പ് തലവന്മാർക്കു കൈമാറി. പുതിയ ഉത്തരവ് പ്രകാരം വിദേശികളുടെ മാതാപിതാക്കൾക്ക് പ്രായ ഭേദമന്യേ ഒരു മാസത്തെ സന്ദർശന വിസ അനുവദിക്കും.

അതേസമയം സിറിയ, പാകിസ്ഥാൻ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ എന്നീ ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിലുള്ള വിസ നിരോധം തുടരും. സുരക്ഷാ പ്രശ്നങ്ങളാണ് ഇതിനു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.