LiveTV

Live

Kuwait

വ്യജ രേഖകള്‍ വെച്ച് ജോലിയില്‍ കയറിയവര്‍ക്ക് ‘പണി’ കൊടുക്കാന്‍ കുവെെത്ത്

സർട്ടിഫിക്കറ്റുകൾ സൂക്ഷമ പരിശോധന നടത്താനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

വ്യജ രേഖകള്‍ വെച്ച് ജോലിയില്‍ കയറിയവര്‍ക്ക് ‘പണി’ കൊടുക്കാന്‍ കുവെെത്ത്

കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത പുനഃപരിശോധിക്കാൻ തീരുമാനം. ഡോക്ടർമാർ നഴ്‌സുമാർ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടെയും അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പു വരുത്തുന്നതിനാണ് നടപടി.

ആരോഗ്യമന്ത്രി ഡോ. ബസ്സില്ല സബാഹ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. സർട്ടിഫിക്കറ്റുകൾ സൂക്ഷമ പരിശോധന നടത്താനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധുതാ പരിശോധനയിൽ സംശയം തോന്നിയ ഏതാനും ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റുകൾ തുടർ പരിശോധനക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

സർക്കാർ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്താനും വ്യാജ യോഗ്യതകൾ സമർപ്പിച്ചു തൊഴിൽ നേടിയവരെ കണ്ടെത്താനും മന്ത്രിസഭ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിന്റേതാണ് നിർദേശം.

അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലിയോ പ്രൊമോഷനോ നേടിയ ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റുമായി ബന്ധം പുലർത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിലെ ജീവനക്കാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.