LiveTV

Live

Kuwait

ഈ വര്‍ഷം മാത്രം കുവൈത്തില്‍ നിന്ന് നാട് കടത്തപ്പെട്ടത് 13000 പേര്‍

നാടുകടത്തപ്പെട്ടവരിലധികവും ഇന്ത്യക്കാരാണ്

ഈ വര്‍ഷം മാത്രം കുവൈത്തില്‍ നിന്ന് നാട് കടത്തപ്പെട്ടത് 13000 പേര്‍

കുവൈത്തിൽ വിവിധ കാരണങ്ങളാൽ 2018ൽ നാടുകടത്തിയത് 13,000 വിദേശികളെ. താമസനിയമലംഘനം, തൊഴിൽ നിയമലംഘനം, കുറ്റകൃത്യങ്ങൾ, ഗുരുതര ഗതാഗത നിയമലംഘനം, എയിഡ്സ്, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ തുടങ്ങിയവയുടെ പേരിലാണ് ഇത്രയും പേരെ നാടുകടത്തിയത്.

നാടുകടത്തപ്പെട്ടവരിലധികവും ഇന്ത്യക്കാരാണ്. ഫിലിപ്പീനികൾ, ഇത്യോപ്യക്കാർ, ഈജിപ്തുകാർ, ശ്രീലങ്കക്കാർ, ബംഗ്ലാദേശികൾ എന്നിവരാണ് യഥാക്രമം തൊട്ടുപിന്നിൽ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. അമേരിക്കകാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. മദ്യം, മയക്കുമരുന്നുകേസുകളിലകപ്പെട്ടവരും ഇഖാമ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനുവേണ്ടി നടന്ന രാജ്യ വ്യാപക റെയ്ഡുകളിൽ പിടികൂടിയവരുമാണ് കയറ്റി അയച്ചവരിലധികവും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാടുകടത്തുന്നവരുടെ നിരക്ക് കുറയുകയാണ് ചെയ്തത്. താമസ, തൊഴിൽ നിയമലംഘകരിൽ വലിയൊരു വിഭാഗം പൊതുമാപ്പ് കാലത്ത് തിരിച്ച് പോയത് ഇതിനൊരു കാരണമാണ്.

മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ നാടുകടത്തൽ നടപടിക്രമങ്ങൾ വേഗത്തിലാണ്. നാടുകടത്തേണ്ടവരെ ഒരാഴ്ചയിൽ കൂടുതൽ സെൻററിൽ താമസിപ്പിക്കുന്നില്ല. അതേസമയം, ചില സമ്പത്തിക, ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കെതിരെ കോടതികളിൽ കേസുകൾ നടക്കുന്നതിനാൽ നടപടികൾ വൈകാറുണ്ട്.