Top

ജലീലിനെ അട്ടിമറിക്കുമോ ഫിറോസ് കുന്നംപറമ്പിൽ? തവനൂരിൽ സമവാക്യങ്ങൾ ഇങ്ങനെ

രണ്ടു തവണ തുടർച്ചയായി കെടി ജലീൽ മത്സരിച്ചു ജയിച്ച മണ്ഡലത്തിൽ ഫിറോസ് വെല്ലുവിളി ഉയർത്തുമോ എന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ വീക്ഷിക്കുന്നത്

MediaOne Logo

  • Published:

    17 March 2021 11:23 AM GMT

  • Updated:

    2021-03-17 11:23:48.0

ജലീലിനെ അട്ടിമറിക്കുമോ ഫിറോസ് കുന്നംപറമ്പിൽ? തവനൂരിൽ സമവാക്യങ്ങൾ ഇങ്ങനെ
X

തവനൂരിൽ ജലീലിനെ നേരിടാൻ ആര് എന്ന ചോദ്യത്തിന് ഫിറോസ് കുന്നംപറമ്പിൽ എന്ന ചാരിറ്റി പ്രവർത്തകനിലൂടെ കോൺഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. വെട്ടിയും തിരുത്തിയും മാറിമറിഞ്ഞ പട്ടികയിൽ ഏറ്റവുമൊടുവിലാണ് യൂത്ത് കോൺഗ്രസിന്റെ കടുത്ത എതിർപ്പുകളെ മറികടന്ന് ഫിറോസ് തവനൂരിൽ പോരിനിറങ്ങുന്നത്. രണ്ടു തവണ തുടർച്ചയായി കെടി ജലീൽ മത്സരിച്ചു ജയിച്ച മണ്ഡലത്തിൽ ഫിറോസ് വെല്ലുവിളി ഉയർത്തുമോ എന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ വീക്ഷിക്കുന്നത്.

ജലീലിന്റെ 'മാത്രം' മണ്ഡലം

തിരൂർ, പൊന്നാനി താലൂക്കുകളിലെ ഏഴു പഞ്ചായത്തുകൾ ചേർത്ത് 2011ൽ നിലവിൽ വന്നതാണ് തവനൂർ നിയോജക മണ്ഡലം. ഇതോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. കോട്ടക്കൽ പുതുതായി നിലവില്‍ വരികയും ചെയ്തു. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, മംഗലം, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

കെ.ടി ജലീല്‍ പ്രചാരണത്തിനിടെ

ലീഗിന്റെ പഴയ കോട്ടയായ കുറ്റിപ്പുറം, മണ്ഡലപുനർനിർണയത്തോടെ തവനൂരായി മാറി വന്നപ്പോൾ പാര്‍ട്ടി അവിടെ പച്ച തൊട്ടില്ല എന്നത് കൌതുകകരമാണ്. 2011ലും 2016ലും കെടി ജലീൽ തന്നെ മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറി. ആദ്യ തവണ കോൺഗ്രസ് നേതാവ് വിവി പ്രകാശിനെതിരെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജലീലിന്റെ വിജയം. രണ്ടാം തവണ എതിർ സ്ഥാനാർത്ഥി ഇഫ്തിഖാറുദ്ദീനെതിരെ ഇദ്ദേഹം ലീഡ് ഉയർത്തി. 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഹാട്രിക് ജയം എന്ന സ്വപ്‌നവുമാണ് ജലീൽ ഇത്തവണ അങ്കത്തിനിറങ്ങുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥിതി

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ, എടപ്പാൾ, തൃപ്രങ്ങോട്, പുറത്തൂർ എന്നീ നാലു പഞ്ചായത്തുകൾ എൽഡിഎഫിന് ഒപ്പം നിന്നു. കാലടി, വട്ടംകുളം, മംഗലം എന്നീ മൂന്നു പഞ്ചായത്തുകൾ യുഡിഎഫിന് ഒപ്പവും നിന്നു. 6110 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ലഭിച്ചത്.

ഫിറോസ് കുന്നംപറമ്പിലിന്റെ റോഡ് ഷോയിൽ നിന്ന്‌

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ 12,353 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് കിട്ടിയത്. 2014ൽ ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി വി അബ്ദുറഹ്‌മാനായിരുന്നു ലീഡ്. 9,172 വോട്ടിന്റെ ലീഡാണ് അബ്ദുറഹ്‌മാന് ഉണ്ടായിരുന്നത്.

മാറ്റമുണ്ടാക്കുമോ ഫിറോസ്

ഫിറോസ് മണ്ഡലത്തിൽ എത്തുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്. കെ.ടി ജലീലിനെ തോൽപ്പിക്കുക എന്ന ഏക ലക്ഷ്യവുമായി ലീഗ് പ്രവർത്തകർ കൈമെയ് മറന്ന് പ്രചാരണ രംഗത്തുണ്ടാകുമെന്ന് തീർച്ച. പലയിടങ്ങളിലും യുഡിഎഫ് സംവിധാനം പോലും നിലവിലില്ലാത്ത, തൃപ്രങ്ങോട് അടക്കമുള്ള പഞ്ചായത്തുകളിൽ ഇത് ഫിറോസിന് ഏറെ ഗുണകരമാകും.

വിവി പ്രകാശും ഇഫ്തിഖാറുദ്ദീനും മത്സരിച്ചപ്പോൾ കാണാതിരുന്ന ആവേശവും യുഡിഎഫ് പ്രവർത്തകരിൽ ദൃശ്യമാണ്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയില്‍ ആ ആവേശം വ്യക്തമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വലിയ ആരാധക അടിത്തറയുള്ള ചാരിറ്റി പ്രവർത്തകൻ കൂടിയായ ഫിറോസിന് സ്ത്രീ വോട്ടർമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്.

TAGS :
Next Story