Top

പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനാകില്ല; കിഫ്ബി ഡെപ്യൂട്ടി എംഡി ഇ.ഡിക്ക് മുന്നില്‍ ഹാജരായില്ല

സമന്‍സില്‍ വ്യക്തതയില്ലെന്നും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഇഡിയോട്. കിഫ്ബിയുടെ മറുപടി സർക്കാർ നിലപാട് കൂടി പരിഗണിച്ച്

MediaOne Logo

  • Updated:

    2021-03-04 06:30:41.0

Published:

4 March 2021 6:30 AM GMT

പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനാകില്ല; കിഫ്ബി ഡെപ്യൂട്ടി എംഡി ഇ.ഡിക്ക് മുന്നില്‍ ഹാജരായില്ല
X

വിദേശനാണ്യ പരിപാലനചട്ടം ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് കിഫ്ബിയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഹാജരായില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് കിഫ്ബി ഇഡിയെ അറിയിച്ചു. സമന്‍സില്‍ വ്യക്തതയില്ലെന്നും കിഫ്ബി ഇഡിയെ രേഖാമൂലം അറിയിച്ചു

കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജിത്ത് സിംഗിനോട് ഇന്നും സിഇഒ കെഎം എബ്രഹാമിനോട് നാളെയും ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വിട്ടുനൽകില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാറും കിഫ്ബിയുമുളളത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇഡിയുടെ സമൻസിന് കിഫ്ബി മറുപടിയും നൽകി. ഇതിന്‍റെ പശ്ചാത്തലത്തിൽ കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജിത്ത് സിംഗ് ഇന്ന് മൊഴിയെടുപ്പിനായി ഇഡിക്ക് മുന്നിൽ ഹാജരായില്ല. സിഇഒ കെ.എം എബ്രഹാമും ഹാജരാകില്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കിഫ്ബി ഇടപാടുകൾ സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ നൽകിയിരുന്നതാണെന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാമെന്നും മറുപടിയിൽ വ്യക്തമാക്കിയട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് സർക്കാർ. എന്‍ഫോഴ്‌സ്‌മെന്‍റെ ഡയറക്ടറേറ്റിന്‍റെ നീക്കം മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ധനമന്ത്രി തോമസ് ഐസകും ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ രാഷ്ട്രീയ നേട്ടമാക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി. വികസന രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കാന്‍ കിഫ്ബിക്കതിരായ ഇഡി അന്വേഷണം സഹായിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഉദ്യോഗസ്ഥർ ഹാജരാകാതിരുന്നതും, ഇഡിക്കെതിരേ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതും, ഇതിന്‍റെ ഭാഗമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനു ആഴ്ചകള്‍ക്കു മുന്‍പുവരെ സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളൊരുക്കിയ അന്വേഷണ വലയത്തിലായിരുന്നു സര്‍ക്കാര്‍. കിഫ്ബിക്കും മസാല ബോണ്ടിനുമെതിരേയുള്ള സിഎജി റിപ്പോര്‍ട്ട് ആയുധമാക്കിയാണ് അന്ന് സര്‍ക്കാര്‍ വികസന വിഷയത്തിലേക്ക് ചര്‍ച്ചകള്‍ വഴിതിരിച്ചു വിട്ടത്. ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുള്ളത് ആഴക്കടല്‍ മത്സ്യബന്ധന വിവാദമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ അതേ തന്ത്രം പുറത്തെടുത്ത് ചര്‍ച്ചകള്‍ വഴിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. അതിലൂടെ വീണ്ടും വികസനം ചര്‍ച്ചയാകുമെന്നാണ് സർക്കാരിന്‍റെയും ഇടത് മുന്നണിയുടേയും പ്രതീക്ഷ.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങിയാണ് ഇഡിയുടെ നീക്കങ്ങളെന്നാണ് മുന്നണിയുടെ ആരോപണം. മുഖ്യമന്ത്രിയുടേയും മുന്നണിയുടേയും ഇടപെടല്‍ വഴി സർക്കാരിന്‍റെ വികസനം കിഫ്ബി വഴി ചർച്ചയാക്കാനാണ് സർക്കാർ ശ്രമം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ഹാജരാകാതിരുന്നതും ഇതിന്‍റെ ഭാഗമാണ്. ഇ ഡി വീണ്ടും നോട്ടീസ് നൽകിയാലും സമാനമായ കാരണങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടും. ഉദ്യോഗസ്ഥരെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു എന്നതിനൊപ്പം, സംസ്ഥാനത്തിന്‍റെ വികസനം അട്ടിമറിക്കാൻ യുഡിഎഫും, ബി ജെ പിയും ശ്രമിക്കുന്നുവെന്ന പ്രചരണവും ഇടത് മുന്നണി അഴിച്ച് വിടും. കിഫ് ബിയും വികസനവും തെരഞ്ഞടുപ്പില്‍ ചര്‍ച്ചയാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.

TAGS :

Next Story