Top

'സംഗതി പൊരിച്ചൂ ട്ടാ'; ജാനകിക്കും നവീനും പിന്തുണയുമായി സന്ദീപ് വാര്യർ

ഇരുവരുടെയും മതം പറഞ്ഞുള്ള വലതുപക്ഷ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    8 April 2021 11:01 AM GMT

  • Updated:

    2021-04-08 11:01:55.0

സംഗതി പൊരിച്ചൂ ട്ടാ; ജാനകിക്കും നവീനും പിന്തുണയുമായി സന്ദീപ് വാര്യർ
X

മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇരുവരുടെയും മതം പറഞ്ഞുള്ള വലതുപക്ഷ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു.

സംഗതി പൊരിച്ചൂ ട്ടാ... എന്ന് പറഞ്ഞാണ് ബിജെപി വക്താവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ... പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു...

അവരുടെ ഒരു ഇന്‍റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.

തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..

അതിനിടെ, രൂക്ഷമായ ആക്രമണമാണ് ഇരുവര്‍ക്കുമെതിരെ ചില വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നുണ്ടായത്. അഭിഭാഷകനായ കൃഷ്ണരാജ് ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ;

ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

സൈബര്‍ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. 'നവീനും ജാനകിയും ഇനിയും ചുവടുകള്‍ വെക്കുമെങ്കില്‍ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും' എന്ന് പ്രമുഖ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തിൽ ഡോക്ടർ ഷിംന അസീസിന്റെ പ്രതികരണം ഇങ്ങനെ;

'ഒരൈറ്റം കൂടിയുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്... മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂ...ഒന്നിച്ച് ഡാന്‍സ് കളിക്കുന്നോരൊക്കെ തമ്മില്‍ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കള്‍ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കില്‍ കാണേണ്ടാന്നേ... മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍... നാണമില്ലേടോ'

TAGS :
Next Story