വിദ്വേഷ പ്രചാരണങ്ങളെ 'മൂണ്‍വാക്' അടിച്ച് നവീനും ജാനകിയും; വീണ്ടും നൃത്തച്ചുവടുകളുമായി വൈറല്‍ ഡാന്‍സേഴ്സ്
ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്.

മുപ്പത് സെക്കൻഡ് വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും ചടുല നൃത്തച്ചുവടുകളോടെ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷമായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയെങ്കിലും അതിനു കല്ലുകടിയെന്നോണം ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.
ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. കൃഷ്ണരാജ് എന്ന അഭിഭാഷകൻറെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.
എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണമാണ് പുതിയ ഡാന്‍സ് വീഡിയോയുമായി നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയത്. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്. ആറാം തമ്പുരാന് എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളില്‍ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയര്‍പ്പിച്ചെത്തിയവര്‍ എഴുതിയത്.