Top

പാര്‍ട്ടിയാണ് ക്യാപ്റ്റന്‍, നേതാക്കള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തിപരമല്ല: പിണറായി

'പാർട്ടി നേതാവ് എന്ന നിലയിൽ പാർട്ടിയോട് ഉള്ള സ്നേഹം ആണ് ജനങ്ങള്‍ കാണിക്കുന്നത്. എന്നാൽ ഇത്‌ തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാൽ ആണ് പ്രശ്നം'

MediaOne Logo

Web Desk

  • Published:

    4 April 2021 6:24 AM GMT

  • Updated:

    2021-04-04 06:24:04.0

പാര്‍ട്ടിയാണ് ക്യാപ്റ്റന്‍, നേതാക്കള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തിപരമല്ല: പിണറായി
X

സിപിഎം നേതാവ് പി ജയരാജന്‍റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്‍റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയിൽ പലർക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജയരാജിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു.

യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എൽഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങൾക്കിടയിൽ ഉണ്ട്. പാർട്ടി നേതാവ് എന്ന നിലയിൽ പാർട്ടിയോട് ഉള്ള സ്നേഹം ആണ് കാണിക്കുന്നത്. എന്നാൽ ഇത്‌ തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാൽ ആണ് പ്രശ്നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാർട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കിൽ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.

സ്‌നേഹ പ്രകടനങ്ങളും ആവേശ പ്രകടനങ്ങളും കാണുമ്പോള്‍ ഇതൊക്കെ എന്റെയൊരു കേമത്തരത്തിന്റെ ഭാഗമാണ് എന്ന് ധരിച്ച് ഈ ഭാഗത്തിന് (തലയിലേക്ക് ചൂണ്ടിക്കാട്ടി) വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്‌നമായി വരും. അത് കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ ഉണ്ടാകില്ല. ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടാകുന്നുണ്ടെങ്കില്‍ അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുത്തും. അതും പാര്‍ട്ടിയുടെ ഒരു രീതി തന്നെയാണ്. സാധാരണ കമ്യൂണിസ്റ്റുകാര്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാണ് പോകുക. ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. സാധാരണഗതിയില്‍ ഇത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിയാണ് ഞങ്ങള്‍ക്ക് സുപ്രിം. പാര്‍ട്ടിക്ക് അതീതനായി എന്നൊരാള്‍ ചിന്തിക്കുമ്പോഴാണ് അയാള്‍ക്ക് അബദ്ധം പറ്റുന്നത്.

നുണകളുടെ മലവെള്ള പാച്ചിൽ തന്നെ ഉണ്ടായി. എന്നാൽ അതിനെ എല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു. എല്ലാ നല്ല കാര്യങ്ങളെയും വക്രീകരിച്ചു കാണിക്കുകയാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് മുൻപേ ചില മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമം നടന്നതായി വാർത്ത ഉണ്ടായിരുന്നു. അത് ശരി വെക്കുന്നതാണ് പുതിയ കാര്യങ്ങൾ. രാഹുൽ ഗാന്ധിയെ കുറിച്ച് രാജ്യത്തിന് പൊതുവായി ചില ധാരണകൾ ഉണ്ട്. കാര്യങ്ങൾ മനസ്സിലാക്കാതെ ആണ് രാഹുൽ ശ്രമിക്കുന്നത്. നേരം പുലരുമ്പോൾ കുറെ ആരോപണം വായിക്കുക. അതിന് മറുപടി കിട്ടുമ്പോൾ വേറെ കുറെ ആരോപണങ്ങൾ ഉന്നയിക്കുക. ഇതാണ് പ്രതിപക്ഷ ധർമ്മം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പഞ്ചാബിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സർക്കാരുകൾ 5 രൂപക്ക് മുകളിൽ നൽകിയാണ് വൈദ്യുതി വാങ്ങിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇതിൽ കൂടിയ വിലക്കാണ് വൈദ്യുതി വാങ്ങിയത്. 7.45 പൈസക്ക് വരെ വൈദ്യുതി വാങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story