Top

ക്യാപ്റ്റനോ സഖാവോ? താത്വികമായ ഒരു അവലോകനമാണോ നടക്കുന്നത്?

അധികാരത്തിന്റെ അവസാന നാളുകളിലാണ് പിണറായിക്ക് ക്യാപ്റ്റൻ എന്ന വിശേഷണം ചാർത്തിക്കിട്ടുന്നത്

MediaOne Logo

Web Desk

  • Published:

    3 April 2021 10:30 AM GMT

  • Updated:

    2021-04-03 10:30:47.0

ക്യാപ്റ്റനോ സഖാവോ? താത്വികമായ ഒരു അവലോകനമാണോ നടക്കുന്നത്?
X

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിശേഷിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത സി.പി.എം നേതാക്കൾ പ്രകടിപ്പിക്കുന്ന പരസ്യ അഭിപ്രായപ്രകടനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകം ഉണർത്തുന്നു. വെറും താത്വിക അവലോകനങ്ങൾക്കപ്പുറത്ത് സി പി എം നേതൃത്വത്തിനകത്തെ അധികാര വടംവലികളാണ് ഇതിൽ പ്രതിഫലിക്കുന്നത്.

പാർട്ടിക്കു ക്യാപ്റ്റനില്ല സഖാവേയുള്ളൂ എന്നു പറഞ്ഞ് മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് രണ്ട് ദിവസം മുമ്പ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇഷ്ടമുള്ള ആളുകൾ പലതും വിളിക്കുമെന്നാണ് ഇതെക്കുറിച്ച് ചോദിച്ചപ്പോൾ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്. പിന്നാലെ, പാർട്ടിയാണ് ക്യാപ്റ്റൻ എന്ന നിലപാടുമായി മുതിർന്ന നേതാവ് പി ജയരാജൻ രംഗത്തെത്തി. ഇഷ്ടമുള്ള ആളുകൾ പലതും വിളിക്കുമെന്ന പിണറായിയുടെ വിശദീകരണത്തിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നവരാണ് പേരുകള്‍ നല്‍കുന്നത് എന്നും അത് മുഖ്യമന്ത്രിക്കുള്ള അംഗീകാരമാണ് എന്നുമാണ് പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കിയത്.

ക്യാപ്റ്റൻ വന്ന വഴി

അധികാരത്തിന്റെ അവസാന നാളുകളിലാണ് പിണറായിക്ക് ക്യാപ്റ്റൻ എന്ന വിശേഷണം ചാർത്തിക്കിട്ടുന്നത്. പ്രചാരണഘട്ടത്തിൽ അനൗൺസ്‌മെന്റ് വാഹനങ്ങളിലും പോസ്റ്ററുകളിലും പരസ്യങ്ങളിലും സോഷ്യൽ മീഡിയാ പോസ്റ്റുകളിലും പിണറായിയുടെ ക്യാപ്റ്റൻസി ഉറച്ചു. ഇതിനിടെ ക്യാപ്റ്റൻ എന്ന പേരിൽ അനിൽ കുമാർ എ.വി എഴുതിയ പിണറായിയുടെ ജീവചരിത്ര പുസ്തകവും പ്രകാശിതമായി.

എൽഡിഎഫിന്റെ ടീം ക്യാപ്റ്റൻ പിണറായി തന്നെയെന്നതിൽ തർക്കങ്ങളില്ല. യുഡിഎഫിനും എൻഡിഎയ്ക്കും വേണ്ടി കേന്ദ്രനേതാക്കൾ കൂട്ടത്തോടെ കേരളത്തിലെത്തുന്ന വേളയിൽ അവർക്കുള്ള സിപിഎമ്മിന്റെ ഏക മറുപടിയും പിണറായി തന്നെ.

പിണറായി വിജയന്‍

വേദികളിൽ നിന്ന് വേദികളിലേക്ക് സഞ്ചരിക്കുന്ന പിണറായിക്ക് പകരം വയ്ക്കാൻ ഇടതുമുന്നണിക്ക് മറ്റൊരു നേതാവില്ല. അളന്നു തൂക്കിയ വാക്കുകൾ കൊണ്ട് എതിരാളികളുടെ മർമത്തിൽ പ്രഹരിക്കാനും ആരോപണങ്ങൾക്ക് മറുപടി നൽകാനും മുമ്പിൽ പിണറായിയുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം ആൾക്കൂട്ടവുമുണ്ട്. അവർ ക്യാപ്റ്റനു വേണ്ടി ഇൻക്വിലാബ് വിളിക്കുന്നു, മുഷ്ടി ചുരുട്ടുന്നു. ക്യാപ്റ്റൻ എന്നു വിളിച്ചുള്ള അനൗൺസ്‌മെന്റുകൾക്കിടയിലൂടെയാണ് പിണറായി വേദിയിലേക്ക് ആനയിക്കപ്പെടുന്നത് തന്നെ.

കോടിയേരിയുടെ 'എതിർസ്വരം'

ക്യാപ്റ്റനെതിരെ ആദ്യം സംസാരിച്ചത് പിണറായിയുടെ ഇഷ്ടക്കാരൻ കൂടിയായ മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. പാർട്ടിക്ക് ക്യാപറ്റനില്ല സഖാവേയുള്ളൂ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണന്‍

'പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാർട്ടിയല്ല. വിശേഷണങ്ങൾ നൽകുന്നത് വ്യക്തികളാണ്. പാർട്ടിക്ക് എല്ലാവരും സഖാക്കളാണ്. തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടിയാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല' - എന്നിങ്ങനെയായിരുന്നു കോടിയേരിയുടെ വാക്കുകൾ. പാർട്ടിക്കും മീതെ ആരുമില്ലെന്ന സന്ദേശം കൈമാറുകയായിരുന്നു ആ വാക്കുകളുടെ അർത്ഥമെന്ന് വ്യക്തം.

പാർട്ടിയാണ് ക്യാപ്റ്റനെന്ന് ജയരാജൻ

കോടിയേരിക്ക് പിന്നാലെ ക്യാപ്റ്റനിൽ പ്രതികരണവുമായി എത്തിയത് മുതിർന്ന നേതാവ് പി ജയരാജനാണ്. വ്യക്തി പൂജയുടെ പേരിൽ പാർട്ടിക്കകത്ത് വിമർശനത്തിന് വിധേയനായ ആളാണ് പി. ജയരാജൻ. ഫേസ്ബുക്ക് ഗ്രൂപ്പായ പിജെ ആർമിയുടെ പേരിൽ അദ്ദേഹം ഏറെ പഴിയേറ്റിട്ടുണ്ട്. 'ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ' - എന്നാണ് ജയരാജൻ ഫേസ്ബുക്കിൽ എഴുതിയത്. അണികൾ തന്നോട് സ്നേഹവായ്പ് കാണിക്കുന്നതിന്റെ തന്നെ വിമർശിക്കുന്നവർക്ക് പരോക്ഷമായി മറുപടി പറയുക കൂടിയാണ് പി.ജയരാജൻ.

അണികൾ തന്നെ സ്നേഹിച്ചതിന്റെ പേരിൽ പാർട്ടിയിൽ താൻ ഒതുക്കപ്പെടുന്നു എന്ന വികാരം പി ജയരാജനുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പി.ജയരാജൻ വടകരയിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റു. എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെടുത്തതുമില്ല.

പി ജയരാജന്‍

ജില്ലാ സെക്രട്ടറിയായിരിക്കെ മത്സരിച്ച കോട്ടയത്തെ വി.എൻ വാസവനെ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ടായില്ല. എന്നാൽ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി ജയരാജനെ ജില്ലാ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. അന്ന് മുതൽ താൻ തഴയപ്പെടുകയാണ് എന്ന തോന്നൽ പി.ജയരാജനുണ്ട്. പി.ജെ ആർമിയായും വ്യക്തിഗത പോസ്റ്റുകളായും പി.ജെ അനുകൂല സാഹിത്യങ്ങൾ ഇടത് സൈബർ ഇടങ്ങളിൽ നിറയുന്നതാണ് പിന്നീട് കണ്ടത്.

ഒടുവിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പി.ജെക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെ അനുയായികൾ കൂടുതൽ ഖിന്നരായി. പി.ജെ അനുകൂല പോസ്റ്റുകൾ വീണ്ടും നിറഞ്ഞു. അതിന്റെ പേരിൽ പി.ജെക്കെതിരെ വീണ്ടും വ്യക്തി പൂജ വിമർശനങ്ങൾ പാർട്ടിക്കകത്ത് ഉയർന്നു. വ്യക്തി പൂജയുടെ പേരിൽ തന്റെ പിന്നാലെ കൂടിയവർ ഇപ്പോൾ 'ക്യാപ്റ്റനെ' ആഘോഷിക്കുന്നതിനെ പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് പി. ജയരാജൻ. സഖാവാണോ ക്യാപ്റ്റനാണോ എന്ന താത്വിക തർക്കത്തിനപ്പുറം കണ്ണൂർ സി.പി.എമ്മിനകത്തെ ഉൾപ്പിരിവുകൾ കൂടിയാണ് ക്യാപ്റ്റൻ തർക്കങ്ങൾ വെളിവാക്കുന്നത്.

വിളി തള്ളാതെ പിണറായി

ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ വിളിയെ തള്ളാൻ പിണറായി തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ക്യാപ്റ്റന്‍ എന്ന തലക്കെട്ടോടെ ദേശാഭിമാനിയില്‍ വന്ന ലേഖനം

'അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാൻ പോകുന്ന കാര്യമല്ല. അത് ആളുകൾ പലതും വിളിക്കും. അവർക്ക് താത്പര്യം വരുമ്പോൾ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാൻ കഴിയില്ല. അതങ്ങനെ ആലോചിച്ചാൽ മതി' - ക്യാപ്റ്റൻ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു പിണറായിയുടെ ഉത്തരം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story