Top

ആർക്കും ജയിക്കാം, എന്തും സംഭവിക്കാം; ശ്രദ്ധാകേന്ദ്രമായി കോന്നി

ശബരിമല, വികസനം, സാമുദായിക സമവാക്യങ്ങൾ... കോന്നിയിൽ ഇത്തവണ വിധി നിർണയിക്കുന്നത് എന്താവും?

MediaOne Logo

ലെവിൻ കെ വിജയൻ

  • Published:

    31 March 2021 1:22 PM GMT

  • Updated:

    2021-03-31 13:22:56.0

ആർക്കും ജയിക്കാം, എന്തും സംഭവിക്കാം; ശ്രദ്ധാകേന്ദ്രമായി കോന്നി
X

മധ്യകേരളത്തിലെ രാഷ്ട്രീയ പോരാട്ടം നടക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നായി മാറിയതാണ് കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പു മുതൽ തന്നെ പത്തനംതിട്ട ജില്ലയിലെ കോന്നി. 23 വർഷത്തോളം കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എതിരാളികളില്ലാതെ തേരോട്ടം നടത്തുകയും 2019 - ലെ ഉപതെരഞ്ഞെടുപ്പിൽ ഡി.വൈ.എഫ്.ഐ നേതാവ് കെ യു ജെനീഷ് കുമാർ പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലത്തിൽ ഇത്തവ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. സിറ്റിങ് എം.എൽ.എ ജെനീഷ് കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അണിനിരക്കുന്ന അങ്കത്തട്ടിൽ വിജയം ഏത് വഴിയിൽ നീങ്ങുമെന്ന് ഉറപ്പിച്ചു പറയാൻ ആർക്കുമാവില്ല. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണ് കോന്നിയിലേത്.

കോന്നി എന്ന മലയോര നാടിന്റെ വികസന പ്രശ്‌നങ്ങളും തദ്ദേശീയ ജനത നേരിടുന്ന ജീവൽ പ്രശ്‌നങ്ങളും പത്തനംതിട്ടക്ക് പുറത്തറിയാതെ പോയ അനേകം വർഷങ്ങളുണ്ടായിരുന്നു. 1996 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അടൂർ പ്രകാശ് കോന്നിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് മധ്യകേരളത്തിന്റെ രാഷ്ട്രീയ ഭൂപടങ്ങളിൽ തന്നെ ഇടംനേടി. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിനും സാമുദായിക താത്പര്യങ്ങളും അതീതമായി കോന്നിയിൽ അടൂർ പ്രകാശ് സ്വാധീന സാന്നിധ്യമായി.

കോൺഗ്രസിന്റെ നഷ്ടം, മറ്റുള്ളവരുടെ നേട്ടം

2019 ൽ അടൂർ പ്രകാശ് പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് നഷ്ടങ്ങളുടെ തുടക്കമായിരുന്നു. ജില്ലയിൽ അവശേഷിക്കുന്ന കോൺഗ്രസ് മണ്ഡലവും സി.പി.എം പിടിച്ചെടുത്തതോടെ വികസനവും രാഷ്ട്രീയവും കോന്നിക്കാര് ഓരേ സമയം ചർച്ച ചെയ്തു തുടങ്ങി. എന്നാൽ, ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പത്തനംതിട്ടയുടെ രാഷ്ട്രീയ തട്ടകത്തെ ഇളക്കിമറിച്ചു. ശബരിമലയെ ഒരു രാഷ്ട്രീയ വിഷയമാക്കി ലാഭം കൊയ്യാനിറങ്ങിയ ബി.ജെ.പി ഈ മണ്ഡലത്തെ തങ്ങൾക്ക് വിജയപ്രതീക്ഷയുള്ള എ ക്ലാസ് പട്ടികയിലേക്ക് ഉയർത്തിയെടുത്തു. സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ തന്നെ ബി.ജെ.പി ഇത്തവണ കോന്നിയിൽ ഇറക്കിയത് വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ്.

ജനീഷ് കുമാർ പ്രചാരണത്തിനിടെ

റെക്കുറെ അടൂർ പ്രകാശിന്റെ രീതിയിൽ തന്നെ മണ്ഡലത്തിൽ സാന്നിധ്യമുറപ്പിച്ച യു. ജനീഷ് കുമാർ ഇടതുപക്ഷത്തിന് പ്രതീക്ഷയുള്ള മണ്ഡലമെന്ന നിലയിലേക്ക് കോന്നിയെ മാറ്റിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് മുതൽ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ വികസന പ്രവർത്തനങ്ങളടക്കം എൽ.ഡി.എഫ് സർക്കാർ മണ്ഡലത്തിലെ തുടർവിജയത്തിന് ശക്തമായ അവകാശവാദമാണ് ഉന്നയിച്ചിട്ടുള്ളത്. വികസന പ്രവർത്തനങ്ങൾക്കായി വലിയ തോതിൽ പണം ചെലവഴിക്കാനായതും ചില പ്രധാന പദ്ധതികൾ കോന്നിയിലെത്തിക്കാനായതും തദ്ദേശീയനായ ജനീഷ് കുമാറിനും നാട്ടിൽ സ്വന്തം നിലയിൽ വിലാസമുണ്ടാക്കാന് സഹായകമായി.

ജനീഷ് കുമാർ പ്രചാരണത്തിനിടെ

സാമുദായിക സമവാക്യങ്ങൾ

ജനസംഖ്യയിൽ ഈഴവ സമുദായത്തിനാണ് ഭൂരിപക്ഷമെങ്കിലും കോന്നിയിൽ നായർ - ക്രിസ്ത്യൻ സമുദായങ്ങളും നിർണായക വോട്ടുബാങ്കുകളാണ്. ഇത്തവണ സ്ഥാനാർത്ഥികളിൽ കെ സുരേന്ദ്രനും കെ.യു ജനീഷ് കുമാറും ഈഴവ സമുദായക്കാരും റോബിൻ പീറ്റർ ക്രിസ്ത്യൻ സമുദായാംഗവുമാണ്. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളുടെ കണക്കുകൾ മൂന്നു മുന്നണികൾക്കും പ്രതീക്ഷ നൽകുന്നതാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തരംഗത്തിലും 20,748 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ കോൺഗ്രസിനായപ്പോൾ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 2721 മാത്രമായി കുറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മണ്ഡലം പിടിക്കുകയും ചെയ്തു. ബി.ജെ.പിയാകട്ടെ, 2016 ൽ വെറും 16,713 വോട്ട് നേടിയിടത്തുനിന്നാണ് ശബരിമല പ്രക്ഷോഭങ്ങൾക്കു ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 46,946 വോട്ടുകൾ സമാഹരിച്ചത്.

2016 ൽ 52,052-ഉം പാർലമെന്റ് തെരഞ്ഞെടുപ്പിൽ 46,946 - ഉം വോട്ടുകളും നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സി.പി.എം തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സമീപകാലത്ത് ഉണ്ടാവാത്ത മുന്നേറ്റമാണ് നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എൽ.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനൊന്നിൽ ഒമ്പത് പഞ്ചായത്തുകളും നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മണ്ഡലത്തിലെ വോട്ടിങ് പാറ്റേണിൽ പ്രതിഫലിച്ച വ്യതിയാനങ്ങൾ ഇത്തവണയും തുടരാനാണിട.

ഡീൽ ഓർ നോ ഡീൽ

കോന്നിയുടെ ചരിത്രത്തിൽ നിർണായക ഇടപെടലുകൾ നടത്തിയ അടൂർ പ്രകാശ് ഇത്തവണ നിറഞ്ഞുനിന്ന് റോബിൻ പീറ്ററിനായി പ്രചാരണം നടത്തുന്നു. തദ്ദേശയനെന്നതിലുപരി ദീർഘകാലം മണ്ഡലത്തിലെ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നുവെന്ന അധികബലം കൂടി കോൺഗ്രസ് സ്ഥാനാർത്ഥി ഉയർത്തിക്കാട്ടുമ്പോൾ, തദ്ദേശീയൻ തന്നെയായ സിറ്റിംഗ് എം.എൽ.എ ജനീഷ് കുമാർ താൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് വോട്ടുതേടുന്നത്. കെ. സുരേന്ദ്രനാകട്ടെ ശബരിമല വിവാദവും കേന്ദ്രസർക്കാർ പദ്ധതികളുടെ മേന്മകളുമാണ് മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ നിയമസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കിടെ ബി.ജെ.പിയുടെ വോട്ട് ബാങ്കിലുണ്ടായ വർധന അതേപടി ആവർത്തിക്കാൻ കഴിയുമെന്ന് ബി.ജെ.പി പ്രത്യാശിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടെന്ന ആർ.എസ്.എസ് നേടാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൂടി കോന്നിയിലെ മത്സരം ശ്രദ്ധാകേന്ദ്രമാവുന്നുണ്ട്.

ഈഴവ, നായർ, ക്രിസ്ത്യൻ വോട്ടുബാങ്കുകൾ തങ്ങൾക്കനുകൂലമാക്കി ഏകീകരിക്കാനാണ് മൂന്ന് മുന്നണികളും ഒരേപോലെ ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥി പി. മോഹൻരാജിന്റെ പരാജയവും അതേതുടർന്ന് നായർ സമുദായത്തിൽ നിന്നുയർന്ന വിമർശവും കോൺഗ്രസിനെ അലട്ടുമ്പോൾ ശബരിമല ഒരു പ്രധാന വിഷയമാകുമോ എന്ന ഭയമാണ് എൽ.ഡി.എഫിന്. സാമുദായിക വ്യത്യാസമില്ലാതെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ നിന്ന് ചോരുന്ന വോട്ടുകളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതിനുപുറമെ ക്രിസ്ത്യൻ സഭകളുടെ നിലപാടുകളും തങ്ങളുടെ ബാലറ്റിൽ അനുകൂലമാകുമെന്നും അവർ കണക്കുകൂട്ടുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story