LiveTV

Live

Kerala

നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്‍?

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി സിസ്റ്റര്‍ ആന്‍സി പോള്‍ എസ്. എച്ച്.

നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്‍?

ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി സിസ്റ്റര്‍ ആന്‍സി പോള്‍ എസ്. എച്ച്. വർഗീയതയുടെ കടുത്ത നിറം അവരാരും അണിഞ്ഞിട്ടില്ല. ആരുടെയും ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ല. ആരും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല. നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങൾ എന്തിനാണു ഭയപ്പെടുന്നതെന്ന് അവര്‍ തന്‍റെ കുറിപ്പിലൂടെ ചോദിക്കുന്നു. ദീപിക ദിനപത്രമാണ്, ഈ മണ്ണ് ഞങ്ങളുടേതു കൂടിയാണ് എന്ന തലക്കെട്ടില്‍ സിസ്റ്റര്‍ ആന്‍സി പോളിന്‍റെ ലേഖനം ഇന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവില്‍ സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ പിആർഒ കൂടിയാണ് സിസ്റ്റര്‍.

സിസ്റ്റര്‍ ആന്‍സി പോള്‍ എസ്. എച്ചിന്‍റെ കുറിപ്പ് വായിക്കാം:

ഇന്ത്യ എന്‍റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. ഈ പ്രതിജ്ഞാ വാചകം ചൊല്ലിയാണ് ഓരോ ഇന്ത്യൻ പൗരനും അറിവിന്‍റെ ലോകത്തേക്കു പിച്ച വയ്ക്കുന്നത്. അക്ഷരം പഠിക്കുന്നതിനു മുമ്പുതന്നെ ഒരുവൻ നെഞ്ചോടു ചേർത്തുപിടിക്കുന്ന പ്രതിജ്ഞാ വാചകം. ജാതിമതഭേദമന്യേ സർവരെയും സഹോദരങ്ങളായി കാണാൻ പഠിപ്പിച്ച മഹാരഥന്മാരുടെ ഭാരതീയ സങ്കല്പങ്ങളിൽനിന്ന് എത്രയോ കാതം അകലെയാണ് ആധുനിക ഹിന്ദുത്വ തീവ്രവാദികളുടെ ഭാരത സങ്കല്പം.

ഇക്കഴിഞ്ഞ 19 നു ഡൽഹിയിൽനിന്ന് ഒഡീഷയിലേക്കു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന നാലു യുവ സന്യാസിനിമാരെ മതപരിവർത്തന നിയമത്തിന്‍റെ മറപിടിച്ചു എ.ബി.വി.പി. പ്രവർത്തകർ അവരുടെ യാത്ര തടസപ്പെടുത്തി സംഘം ചേർന്ന് അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബലമായി അപരിചിതമായ സ്റ്റേഷനിൽ ഇറക്കി റെയിൽവേ പോലീസിന്‍റെ ഒത്താശയോടെ ഭീതിദമായ ആൾക്കൂട്ട ആക്രോശങ്ങൾക്കു നടുവിലൂടെ സ്റ്റേഷനിലെത്തിച്ചു. മണിക്കൂറുകൾ ചോദ്യംചെയ്യുകയും പിന്നീട് അർധരാത്രിയോടെ വിട്ടയയ്ക്കുകയും ചെയ്തു. ഈ സംഭവവും പതിവുപോലെ നടപടികളൊന്നുമില്ലാതെ കെട്ടടങ്ങുമെന്നാണ് തോന്നുന്നത്.

ഒഡീഷയിലേക്കുള്ള യാത്രക്കാരായിരുന്നു അവർ. സന്യാസസഭാ വസ്ത്രധാരികളായ രണ്ടു പേർക്കൊപ്പം ക്രൈസ്തവ വിശ്വാസികളായ രണ്ടു യുവതികളുമുണ്ടായിരുന്നു. സന്യാസാർഥിനികളായ ഇവരെ മതം മാറ്റാൻ കൊണ്ടുപോയതാണെന്നാണു വർഗീയവാദികളുടെ ആരോപണം. ജന്മനാ ക്രൈസ്തവ വിശ്വാസികളായ അവരുടെ കൈവശം ആധാർ കാർഡ് ഉൾപ്പെടെ മതിയായ രേഖകളെല്ലാം ഉണ്ടായിരുന്നു. അതൊന്നും അവർക്ക് വിഷയമായിരുന്നില്ല. അന്തരീക്ഷത്തിൽ മുഷ്ടിചുരുട്ടി ആർത്തുവിളിക്കുന്ന തീവ്ര വർഗീയ മുദ്രാവാക്യങ്ങളിൽ ഈ സ്ത്രീകളുടെ മറുപടികൾ വെള്ളത്തിലെ കുമിള പോലെയായി. ആൾക്കൂട്ട വിചാരണ നടത്തി മതപരിവർത്തന നിയമക്കുരുക്കിൽ പെടുത്തി അവരെ ജയിലിന്‍റെ ഇരുട്ടറയിൽ അടയ്ക്കാമെന്ന തീവ്രവാദ സംഘത്തിന്‍റെ വ്യാമോഹം തടയാൻ കഴിഞ്ഞത് കന്യാസ്ത്രീകളുടെ പ്രവർത്തനങ്ങളെ അടുത്തറിയുന്ന ചിലരുടെ ഇടപെടലുകൾകൊണ്ടു മാത്രം.

ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമം അടുത്തകാലത്തായി കൂടിവരികയാണ്. എന്താണു സമർപ്പിതർ ചെയ്യുന്ന അപരാധമെന്നു മനസിലാകുന്നില്ല. സ്വയം മറന്ന് ലോകത്തിനു നന്മ ചെയ്യുന്നവരെയൊക്കെ മുച്ചൂടും ഇല്ലാതാക്കുന്ന തിന്മയുടെ പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനു സമർപ്പിതരാണ് നാടും വീടും ഉപേക്ഷിച്ച് വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജാതി മത വർഗ വർണ ഭേദമെന്യേ സകല മനുഷ്യർക്കും നന്മയുടെ സുവിശേഷ വെളിച്ചം പകരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി തിരുഹൃദയ സന്യാസിനീ സമൂഹത്തിന്‍റെ ജീവജ്യോതി പ്രോവിൻസ് ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ശുശ്രൂഷ ചെയ്തു വരുന്നു.

കേരളത്തിൽ നിന്നു മിഷനറിമാരായി കടന്നുചെന്ന് ദേശത്തിന്‍റെ ഭാഷയും സംസ്കാരവും സ്വന്തമാക്കി അവരിലൊരാളായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു സിസ്റ്റേഴ്സ് ഇന്നും അവിടെയുണ്ട്. വർഗീയതയുടെ കടുത്ത നിറം അവരാരും അണിഞ്ഞിട്ടില്ല. ആരുടെയും ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ല. ആരും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല. നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങൾ എന്തിനാണു ഭയപ്പെടുന്നത്‍?

ഇന്നോളം ഒരു ക്രൈസ്തവ സ്ഥാപനത്തിൽ​നിന്നും ആർക്കും ജാതിയുടെ പേരിൽ പടിയിറങ്ങിപ്പോകേണ്ടി വന്നിട്ടില്ല. അവരുടെ ആശുപത്രികളിൽ ആർക്കും ചികിത്സ നിഷേധിച്ചിട്ടുമില്ല. എന്നും മനുഷ്യനാകാനും മനുഷ്യത്വമുള്ളവരാകാനും പരിശീലിപ്പിച്ചിട്ടേയുള്ളൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചയിൽ നിസ്തുലമായ സേവനം നൽകിയവരാണ് ക്രൈസ്തവ സന്യാസിനികൾ.

ഉത്തരേന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ക്രൈസ്തവ സമർപ്പിത സാന്നിധ്യമുണ്ട്. ലോകത്തിന്‍റെ നേട്ടമോ വിജയമോ നിങ്ങൾ ആരോപിക്കുന്നതു പോലെ മതപരിവർത്തനമോ അവരുടെ ലക്ഷ്യമല്ല. ക്രിസ്തുവിനു വേണ്ടി ജീവിതം പണയപ്പെടുത്തിയുള്ള യാത്രയാണിതെന്ന് ഓരോ സമർപ്പിതയ്ക്കും ഉത്തമ ബോധ്യവുമുണ്ട്.

അസമത്വങ്ങൾക്കെതിരേ വിരൽ ചൂണ്ടാൻ ചൂഷിത സമൂഹം പ്രാപ്തമായി എന്നു കണ്ടപ്പോൾ 1995ൽ സിസ്റ്റർ റാണി മരിയ ആദ്യത്തെ വനിതാ രക്തസാക്ഷിയായി. കുഷ്ഠരോഗികൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്‍റെ രണ്ടു മക്കളെയും 1999 ജനുവരി 22ന് ചുട്ടുകൊന്നു. ആദിവാസി ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കു വേണ്ടി പോരാടിയ ഫാ.സ്റ്റാൻ സ്വാമി തടവിലാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എവിടെയും യഥേഷ്ടം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ പൗരന്‍റെയും ജന്മാവകാശമാണ്. ഒരു മതത്തിന്‍റെയും പേരിൽ അത് നിഷേധിക്കാൻ ആർക്കും അവകാശമില്ല. ഈ ഭാരത മണ്ണ് ഒരു വർഗീയ​വാദിയുടെയും കുത്തകയുമല്ല.​ ഒരുവന്‍റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാൻ ഒരു സംഘടനയ്ക്കും അവകാശവുമില്ല. ഇവിടെ ജനിച്ചു വളരുന്ന ഓരോ പൗരന്‍റെയും ജന്മഭൂമിയും ജന്മാവകാശവും വികാരവുമാണ് ഭാരതം.

യാത്രാവകാശവും നീതിയും നിഷേധിക്കപ്പെട്ട് ആൾക്കൂട്ട വിചാരണയ്ക്കു നടുവിൽ ഒരു ദിവസം മുഴുവൻ നിസഹായരായി നിൽക്കേണ്ടി വന്ന കന്യാസ്ത്രീകൾക്കു (ഭാരതീയ സ്ത്രീകൾ) വേണ്ടി സംസാരിക്കാൻ ഒരു മാധ്യമ പ്രവർത്തകനും പ്രത്യക്ഷപ്പെട്ടില്ല എന്നു മാത്രമല്ല അവരത് അറിഞ്ഞിട്ട് പോലുമില്ല. അല്ലെങ്കിൽ കുറഞ്ഞപക്ഷം, അങ്ങനെ ഭാവിക്കുകയെങ്കിലും ചെയ്തു. മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന അന്തി​ച്ചർച്ചകൾക്കും സംവാദങ്ങൾക്കും ഇത് തിരികൊളുത്തുകയില്ലായിരുന്നോ?