13കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ദുരൂഹതയേറുന്നു: പിതാവിനെ കണ്ടെത്താനായില്ല
കഴിഞ്ഞ ഞായറാഴ്ചയാണ് കാക്കനാട് താമസിക്കുന്ന ആലപ്പുഴ സ്വദേശി സനുമോഹനെയും മകൾ വൈഗയെയും കാണാതാകുന്നത്
എറണാകുളം കളമശ്ശേരിയിൽ പതിമൂന്ന് വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കാക്കനാട് താമസിക്കുന്ന ആലപ്പുഴ സ്വദേശി സനുമോഹനെയും മകൾ വൈഗയെയും കാണാതാകുന്നത്. അന്ന് തന്നെ കുടുംബം തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേ ദിവസം വൈകീട്ടോടെ മകളുടെ മൃതദേഹം കളമശേരി മുട്ടാർ പുഴയിൽ കണ്ടെത്തുകയായിരുന്നു.
പിതാവും പുഴയിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തിൽ അഗ്നിരക്ഷാ സേന തെരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ല. ഇവർ സഞ്ചരിച്ച കാർ കാണാതായതാണ് നിലവിൽ ദുരൂഹത ഉയർത്തുന്നത്. ആരെങ്കിലും ഇവരെ അപായപ്പെടുത്തിയതാണോ എന്ന സംശയവും പൊലീസിനുണ്ട്.
എറണാകുളം കേന്ദ്രീകരിച്ച് ഇന്റീരിയൽ ഡിസൈനിങ് ജോലി നോക്കുന്ന സനുമോഹന് ഏതെങ്കിലും രീതിയിലുളള സാമ്പത്തിക ബാധ്യതകളുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പിതാവിനായി പുഴയിൽ നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ഇവർ സഞ്ചരിച്ച കാർ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.