LiveTV

Live

Kerala

കെജി മാരാറിന് ഉദുമ സീറ്റ് നൽകിയത് സിപിഎം ഉള്‍പ്പെട്ട സഖ്യം; പ്രചാരണത്തിന് എത്തിയതും പാർട്ടി നേതാക്കൾ

ആര്‍എസ്എസിന്റെ രാഷ്ട്രീയ രൂപമായ ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമിട്ടത് മാരാരായിരുന്നു

കെജി മാരാറിന് ഉദുമ സീറ്റ് നൽകിയത് സിപിഎം ഉള്‍പ്പെട്ട സഖ്യം; പ്രചാരണത്തിന് എത്തിയതും പാർട്ടി നേതാക്കൾ

കാസർക്കോട്: ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലങ്കർ തുറന്നുവിട്ട സിപിഎം-ബിജെപി ഡീൽ ആരോപണത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ ഇരുകക്ഷികളും തമ്മിൽ ധാരണയുണ്ട് എന്ന ബാലശങ്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ പ്രതികരണങ്ങളും വലിയ തോതിൽ ചർച്ചയായി. 1977ൽ ഉദുമയിൽ കെജി മാരാർ മത്സരിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു എന്നായിരുന്നു രമേശിന്റെ ആരോപണം.

എന്നാൽ ആരോപണം വസ്തുതാപരമായി ശരിയായിരുന്നില്ല. 77ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു പിണറായി വിജയൻ. ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥി മറ്റൊരു മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം.

അതേസമയം, സിപിഎമ്മും ജനസംഘവും ഉള്‍പ്പെട്ട സഖ്യം അനുവദിച്ച മാരാർ മത്സരിച്ചത് എന്നതാണ് ഏറെ കൗതുകകരം. സിപിഎം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നുമില്ല. മാരാറിന് വേണ്ടി പ്രചാരണം നടത്താന്‍ സിപിഎം നേതാക്കളുമെത്തിയിരുന്നു. മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി അടക്കമുള്ളവർ സിപിഎം നേതാക്കൾക്കു വേണ്ടിയും പ്രചാരണ രംഗത്തുണ്ടായിരുന്നു. ഒ. രാജഗോപാലാണ് സിപിഎം നേതാക്കൾക്കു വേണ്ടിയുള്ള അദ്വാനിയുടെ പ്രഭാഷണം വിവർത്തനം ചെയ്തിരുന്നത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ജനസംഘവും സിപിഎമ്മും പരസ്യധാരണയിലേർപ്പെട്ടത്. ജനസംഘം, ആർഎസ്എസ്, സിപിഎം, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ്, ഭാരതീയ ലോക്ദൾ എന്നീ കക്ഷികളെല്ലാം ഒരു കുടക്കീഴിൽ അണിനിരന്ന് കോൺഗ്രസും സിപിഐയും ഉൾപ്പെട്ട മുന്നണിക്കെതിരെ കേരളത്തിൽ മത്സരിച്ചു. സി അച്യുതമേനോൻ സർക്കാറായിരുന്നു അന്ന് സംസ്ഥാനം ഭരിച്ചിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിക്കെതിരെയായിരുന്നു പ്രതിപക്ഷകക്ഷികളുടെ വിശാല സഖ്യം.

ആർഎസ്എസിന്റെ രാഷ്ട്രീയരൂപമായ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമിട്ടത് മാരാരായിരുന്നു. 1956ല്‍ പയ്യന്നൂരില്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ആര്‍എസ്എസ് ശാഖ സ്ഥാപിച്ചതും അദ്ദേഹം തന്നെ. ജനതാപാർട്ടിയുടെ ജില്ലാ പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. ആർഎസ്എസിന്റെ അടുപ്പക്കാരനും സംഘാടകനുമായിരുന്ന ഈ നേതാവിന് സിപിഎം ഉള്‍പ്പെട്ട സഖ്യം സീറ്റ് വിട്ടു നൽകിയത് പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചയായി.

1977ൽ രൂപീകൃതമായ ഉദുമ മണ്ഡലത്തിൽ മാരാർക്ക് 28,145 വോട്ടാണ് കിട്ടിയത്. വിജയിച്ച സ്വതന്ത്രൻ എൻ.കെ ബാലകൃഷ്ണന് 31,690 വോട്ടു കിട്ടി. 3545 വോട്ടുകൾക്കായിരുന്നു ബാലകൃഷ്ണന്റെ ജയം. പിന്നീട് ഒരിക്കൽപ്പോലും ഉദുമയിൽ ഇത്രയും വോട്ടുപിടിക്കാൻ തീവ്രവലതുപക്ഷ രാഷ്ട്രീയ കക്ഷികൾക്കായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജനസംഘത്തിന്റെ പിൽക്കാല രൂപമായി 1980ൽ നിലവിൽ വന്ന ബിജെപിക്ക് 2016ൽ ഉദുമയിൽ ലഭിച്ചത് 21,231 വോട്ടു മാത്രമാണ്.

ഉദുമയ്ക്ക് പുറമേ, പെരിങ്ങളം, തിരുവനന്തപുരം നോർത്ത് (ഇപ്പോഴത്തെ വട്ടിയൂർക്കാവ്), മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലും കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും മാരാർ മത്സരിച്ചിട്ടുണ്ട്. എന്നാൽ ഒരു തെരഞ്ഞെടുപ്പിൽ പോലും അദ്ദേഹം വിജയിച്ചിട്ടില്ല എന്നതാണ് കൗതുകകരം.