LiveTV

Live

Kerala

'ലതികയുടെ മുടി ഇനിയും വളരും, പക്ഷേ അവരുടെ പ്രതിഷേധത്തിന്‍റെ ചിത്രം എന്നും കേരളം ഓര്‍ത്തിരിക്കും' ശോഭന ജോര്‍ജ്

രാജിക്ക് പിന്നാലെ കെ.പി.സി.സി ആസ്ഥാനത്ത് വെച്ച് തല മുണ്ഡ‍നം ചെയ്തുകൊണ്ടായിരുന്നു ലതികയുടെ പ്രതിഷേധം.

'ലതികയുടെ മുടി ഇനിയും വളരും, പക്ഷേ അവരുടെ പ്രതിഷേധത്തിന്‍റെ ചിത്രം എന്നും കേരളം ഓര്‍ത്തിരിക്കും' ശോഭന ജോര്‍ജ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കോൺഗ്രസ് വിട്ട ലതിക സുഭാഷിന് ഐക്യദാര്‍ഢ്യവുമായി ശോഭന ജോര്‍ജ്ജ്. സീറ്റ് ലഭിക്കാത്തതിൽ നിരാശ പങ്കു വെച്ച് ഇന്നലെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതിക സുഭാഷ് രാജിവെച്ചത്. രാജിക്ക് പിന്നാലെ കെ.പി.സി.സി ആസ്ഥാനത്ത് വെച്ച് തല മുണ്ഡ‍നം ചെയ്തുകൊണ്ടായിരുന്നു ലതികയുടെ പ്രതിഷേധം.

തലമുണ്ഡനം ചെയ്ത് ലതികാ സുഭാഷിനെ വീട്ടിലെത്തിയാണ് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ആയ ശോഭന ജോര്‍ജ്ജ് സന്ദര്‍ശിച്ചത്. ലതികയുടെ മുടി ഇനിയും വളരുമെന്നും, പക്ഷേ ലതിക നടത്തിയ പ്രതിഷേധത്തിന്‍റെ ചിത്രം എന്നും കേരളം ഓര്‍ത്തിരിക്കുമെന്നും ശോഭന ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.

പൊതുരംഗത്ത് സ്ത്രീകൾ നേരിടുന്ന അവഗണനയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ശോഭനാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലതികയുടെ അവസ്ഥയും അവരുടെ മുഖവും കേരളത്തിൽ എല്ലാവരും ഓര്‍ത്തുവെക്കേണ്ടതാണെന്നും ശോഭന പ്രതികരിച്ചു. പുരുഷന്മാരേക്കാളും ത്യാഗവും കഷ്ടപ്പാടും സഹിച്ചുകൊണ്ടണ് സ്ത്രീകള്‍ പൊതുരംഗത്ത് നിലനിൽക്കുന്നത്. ഇക്കാര്യം ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോയെന്നും ശോഭന ജോർജ് ചോദിക്കുന്നു. 'ലതിക സുഭാഷിന്‍റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തിൽ എന്നും ഒരു നൊമ്പരമായി അവശേഷിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട' ശോഭനാ ജോർജ് കൂട്ടിച്ചേര്‍ത്തു.