LiveTV

Live

Kerala

ഇത്തവണ പെരുംപോര് നേമത്ത്; ജനവിധി ആര്‍ക്കൊപ്പം

മൂന്നാം സ്ഥാനത്തുള്ള നേമം പിടിക്കുന്നതിനപ്പുറം അത് കേരളത്തിന് നല്‍കുന്ന സന്ദേശത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ കണ്ണ്.

ഇത്തവണ പെരുംപോര് നേമത്ത്; ജനവിധി ആര്‍ക്കൊപ്പം

കുറച്ചുദിവസമായി രാഷ്ട്രീയ വാര്‍ത്തകളും വര്‍ത്തമാനങ്ങളുമൊക്കെ നേമത്തെ കുറിച്ചാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലെന്ന പോലെ ആകാംക്ഷ. നേമത്ത് കരുത്തനെ തേടി കോണ്‍ഗ്രസ് ഇറങ്ങിയതോടെയാണ് നേമം ശ്രദ്ധാകേന്ദ്രമായത്. ഒടുവില്‍ കോണ്‍ഗ്രസ് സസ്പെന്‍സ് അവസാനിപ്പിച്ചു. കെ മുരളീധരനെയാണ് മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. കേരളത്തിലെ ഏക സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്താന്‍ ബിജെപി കുമ്മനം രാജശേഖരനെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനം ഒന്നാമതാക്കാന്‍ എല്‍ഡിഎഫ് വി ശിവന്‍കുട്ടിയെയും ചുമതലപ്പെടുത്തിയതോടെ ഇത്തവണത്തെ പെരുംപോര് നേമത്ത് ആകുമെന്ന് ഉറപ്പായി.

ഉമ്മന്‍ചാണ്ടിയെ നേമത്തും രമേശ് ചെന്നിത്തലയെ വട്ടിയൂര്‍ക്കാവിലും പാര്‍ട്ടി പരിഗണിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ വന്ന വാര്‍ത്ത. എന്നാല്‍ ഇരുവരും തുടക്കത്തിലേ അക്കാര്യം നിഷേധിച്ചു. പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ചാണ്ടി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പിന്നീട് നേമം ചര്‍ച്ചയാകുന്നത് ഒരാഴ്ച മുന്‍പാണ്.

ഇത്തവണ പെരുംപോര് നേമത്ത്; ജനവിധി ആര്‍ക്കൊപ്പം

കഴിഞ്ഞ രണ്ട് പ്രാവശ്യത്തെയും എന്ന പോലെ ഘടക കക്ഷികളിലാർക്കെങ്കിലുമാവും സീറ്റെന്നാണ് ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടത്. പക്ഷേ പൊടുന്നനെ ഉമ്മൻചാണ്ടി നേമത്തേക്ക് എന്ന വാർത്ത വന്നു. പക്ഷേ ഉമ്മന്‍ചാണ്ടി പിടിതന്നില്ല. നേമത്ത് പോരിന് ആരെത്തുമെന്ന ചോദ്യത്തില്‍ നിന്നും വഴുതിമാറി. തന്‍റെ നിയമസഭാ ചരിത്രത്തെ കുറിച്ച് പറഞ്ഞ് പുതുപ്പള്ളിയില്‍ തന്നെയെന്ന് വ്യക്തമായ സൂചന നല്‍കി. ഉമ്മന്‍ചാണ്ടിക്ക് പുറമേ ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍.. പല പേരുകള്‍ ഉയര്‍ന്നുകേട്ടു.

കേരളത്തിലെ ബിജെപിയുടെ ഏക സിറ്റിങ് സീറ്റില്‍ കരുത്തനായ നേതാവിനെ പോരിന് ഇറക്കിയാല്‍ കിട്ടുന്ന രാഷ്ട്രീയ നേട്ടങ്ങളായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ചിന്ത. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ മൂന്നാം സ്ഥാനത്തുള്ള നേമം പിടിക്കുന്നതിനപ്പുറം അത് കേരളത്തിന് നല്‍കുന്ന സന്ദേശത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ കണ്ണ്. ദേശീയ തലത്തില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോകുമ്പോള്‍, കേരളത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് എന്ന വ്യക്തമായ സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യം.

നേമം തെരഞ്ഞെടുപ്പ് ഫലം 2016
നേമം തെരഞ്ഞെടുപ്പ് ഫലം 2016

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടിയെ കാത്തിരുന്നത് അദ്ദേഹം പുതുപ്പള്ളി വിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ അണികളെയാണ്. കണ്ണീരോടെ കാത്തുനിന്ന അണികളെ, താന്‍ പുതുപ്പള്ളിയില്‍ തന്നെയെന്ന് പറഞ്ഞ് അദ്ദേഹം സമാശ്വസിപ്പിച്ചു. പിന്നാലെ പുതുപ്പള്ളിയും നേമത്തും ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം പരന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് ഇന്നലെ രാത്രിയോടെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതോടെ കെ മുരളീധരനെന്ന ക്രൈസിസ് മാനേജറിലേക്കായി കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണ്. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കര്‍ശന നിലപാടിലായിരുന്നു ആദ്യമെല്ലാം ഹൈക്കമാന്‍ഡ്. ഒടുവില്‍ മുരളീധരന് ഇളവ് പ്രഖ്യാപിച്ചു. ഡല്‍ഹിയിലേക്ക് അദ്ദേഹത്തെ വിളിപ്പിച്ചു.

കുമ്മനം രാജശേഖരന്‍
കുമ്മനം രാജശേഖരന്‍

നേമത്ത് വിജയിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് കെ മുരളീധരൻ ഇന്ന് രാവിലെ വ്യക്തമാക്കി. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടക കക്ഷിക്ക് സീറ്റ് നൽകിയത് കൊണ്ടാണ് കോൺഗ്രസിന്റെ വോട്ട് ചിതറിപ്പോയത്. സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ തിരുവനന്തപുരത്തേക്ക് പോകുമെന്നും മുരളീധരൻ പറയുകയുണ്ടായി. പിന്നാലെ ഇന്ന് വൈകുന്നേരം മുല്ലപ്പള്ളി പ്രഖ്യാപിച്ച പട്ടികയിലെ സ്റ്റാര്‍ കാന്‍ഡിഡേറ്റ് ആയി മുരളീധരന്‍ മാറി. നേതൃത്വവുമായി കലഹിച്ച് വടകരക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച മുരളീധരന്‍ ഒടുവില്‍ ജനവിധി തേടിയിറങ്ങുകയാണ്.

നേമത്ത് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് സിപിഎമ്മാണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ശിവന്‍കുട്ടിയെ തന്നെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. ഇന്ന് ബിജെപി പട്ടിക വന്നു. കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥി. യുഡിഎഫ് തരംഗമുണ്ടായ ലോക്സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് അനുകൂലമായ തദ്ദേശ തെരഞ്ഞെടുപ്പിലും ഒപ്പം നിന്ന നേമം ആരൊക്കെ വന്നാലും കൈവിടില്ലെന്നാണ് ബിജെപിയുടെ അവകാശവാദം.

വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി

നേമം മണ്ഡലത്തിലെ 21 കോർപറേഷൻ വാർഡുകളിൽ 14 ഇടത്തും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു വിജയം. എൽഡിഎഫിന് 7 സീറ്റുകള്‍. കേരളപ്പിറവിക്ക് ശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ 8 പ്രാവശ്യം കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു. കോൺഗ്രസ് 5 പ്രാവശ്യവും പിഎസ്പി 2 പ്രാവശ്യവും വിജയിച്ചു. ബിജെപി ഒരു തവണയും. ഇത്തവണ മണ്ഡലം പിടിക്കാന്‍ ഉറച്ച് മൂന്ന് മുന്നണികളും ജീവന്മരണ പോരാട്ടം നടത്തുമ്പോള്‍ ജനവിധി ആര്‍ക്കൊപ്പമായിരിക്കും എന്നാണ് ഇനി അറിയാനുള്ളത്.