ഇന്നലെ കണ്ണീരണിഞ്ഞ ബിന്ദു കൃഷ്ണ കൊല്ലത്ത്; അവഗണനയില്‍ മനംനൊന്ത് ലതിക സുഭാഷും രമണി പി നായരും
സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രമണി പി നായർ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 9 വനിതകളാണ് പട്ടികയില്‍ ഇടം നേടിയത്. സ്ത്രീപ്രാതിനിധ്യം കുറഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി ലതിക സുഭാഷ് രാജിവെച്ചു. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു ലതിക.
അതേസമയം ഇന്നലെ കൊല്ലത്ത് സീറ്റ് നിഷേധിക്കാന്‍ നീക്കം നടന്നതിനെ തുടര്‍ന്ന് കണ്ണ് നിറഞ്ഞ ബിന്ദു കൃഷ്ണക്ക് കൊല്ലത്ത് തന്നെ സീറ്റ് ലഭിച്ചു. ഈ മകളെ തന്നില്ലെങ്കില്‍ വോട്ടില്ല എന്ന് പറഞ്ഞ് പ്രവര്‍ത്തക ചേര്ത്തിപിടിച്ചപ്പോഴാണ് ബിന്ദു കൃഷ്ണ വിതുമ്പിയത്.
"ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല. ബിന്ദു കൃഷ്ണയെ തീരദേശത്തിന്റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍ ഞങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ്"- എന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. ബിന്ദു കൃഷ്ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവെക്കുകയും ചെയ്തു.
കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ പേര് വെട്ടി വിഷ്ണുനാഥിനെ പരിഗണിച്ചപ്പോഴായിരുന്നു കൊല്ലം ഡിസിസി ഓഫീസില്‍ നാടകീയ രംഗങ്ങളുണ്ടായത്. കുണ്ടറയിൽ മത്സരിക്കാൻ നേതൃത്വം ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടു. താൽപര്യമില്ലെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. ധർമ്മടത്തായാലും മൽസരിക്കുന്നതിൽ ഭയമില്ല. കൊല്ലം കേന്ദ്രമായി നാലര വർഷമായി താൻ പ്രവർത്തിക്കുന്നു. അതിനാലാണ് കൊല്ലത്ത് മത്സരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കുകയുണ്ടായി. പക്ഷേ ഇന്നലെ രാത്രിയോടെ തന്നെ കൊല്ലത്ത് സ്ഥാനാര്‍ഥിയാണെന്ന അറിയിപ്പ് ബിന്ദു കൃഷ്ണക്ക് ലഭിച്ചു. കുണ്ടറയിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രമണി പി നായർ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ അവർ പൊട്ടിക്കരഞ്ഞു. കോൺഗ്രസുകാരിയായി തുടരുമെന്നും രമണി പറഞ്ഞു.
കോണ്‍ഗ്രസിലെ വനിതാ സ്ഥാനാര്‍ഥികള്‍
1. പി.കെ. ജയലക്ഷ്മി- മാനന്തവാടി
2. കെ.എ. ഷീബ- തരൂര്‍
3. പത്മജ വേണുഗോപാല്‍- തൃശൂര്‍
4. പി.ആര്. സോന - വൈക്കം
5. ഷാനിമോള്‍ ഉസ്മാന്- അരൂര്‍
6. അരിത ബാബു- കായംകുളം
7. രശ്മി ആര്- കൊട്ടാരക്കര
8. ബിന്ദു കൃഷ്ണ- കൊല്ലം
9. അന്‍സജിത റസല്‍- പാറശാല