വിജയ സാധ്യത മാത്രമായിരിക്കണം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം- രാഹുൽ ഗാന്ധി
യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ച വെള്ളിയാഴ്ച മുതൽ ആരംഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത മാത്രമായിരിക്കണം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡമെന്ന് രാഹുൽ ഗാന്ധി. സ്ഥാനാർഥി നിർണയം പാളരുത്. യുവാക്കൾക്കും വനിതകൾക്കും പ്രാമുഖ്യം നൽകണമെന്നും യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽ രാഹുൽ ഗാന്ധി നിർദേശിച്ചു.
യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഇത്തവണ കേരളം പിടിക്കാൻ വേണ്ടി കരുതലോടെ ആസൂത്രണം വേണമെന്നായിരുന്നു രാഹുലിന്റെ നിർദ്ദേശം. ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർഥികളാകണം. അതിനായി കൂടുതൽ യുവാക്കളെയും വനിതകളെയും രംഗത്തിറക്കണം. എതിർ സ്വരങ്ങളും ഭിന്നതകളും മാറ്റി വെച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാനാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിർദ്ദേശത്തോട് യോജിച്ച ഘടകകക്ഷികൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ കൂടുതൽ സമയം വേണമെന്ന് അഭ്യർഥിച്ചു.
യുഡിഎഫ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച വെളളിയാഴ്ച ആരംഭിക്കുവാൻ യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചു. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മത്സ്യതൊഴിലാളികളെ ബോധവത്കരിക്കാൻ രണ്ട് പ്രചരണ ജാഥകൾ സംഘടിപ്പിക്കും. വിഴിഞ്ഞത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഷിബു ബേബി ജോണും, കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥ ടിഎൻ പ്രതാപൻ എംപിയും നയിക്കും.