LiveTV

Live

Kerala

സുബൈറിന്റെ രാജിയിലുലഞ്ഞ് യൂത്ത്‌ലീഗ്; ഞെട്ടല്‍ വിട്ടുമാറാതെ പ്രവര്‍ത്തകര്‍

സംഘടനയ്ക്ക് ദേശീയ ദൃശ്യത കൈവരുന്ന സാഹചര്യത്തിലാണ് സുബൈർ രാജി വയ്ക്കുന്നത്. ദേശീയ തലത്തിലെ പ്രകടനമികവിന് പിന്നാലെ, നിയമസഭയിലേക്കും ലോക്സഭയിലേക്കും സുബൈറിന്റെ പേര് നേതൃത്വത്തിന്റെ ആലോചനയിലുണ്ടായിരുന്നു.

സുബൈറിന്റെ രാജിയിലുലഞ്ഞ് യൂത്ത്‌ലീഗ്; ഞെട്ടല്‍ വിട്ടുമാറാതെ പ്രവര്‍ത്തകര്‍

കോഴിക്കോട്: കത്വ ഫണ്ട് വിവാദത്തിൽ പ്രതിരോധത്തിൽ നിൽക്കെ പാർട്ടി പ്രവർത്തകരെ ഞെട്ടിച്ച് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിന്റെ രാജി. പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് നേതൃത്വം സുബൈറിന്റെ രാജിയാവശ്യപ്പെടുകയായിരുന്നു എന്നാണ് നേതാക്കൾ നൽകുന്ന അനൗദ്യോഗിക വിശദീകരണം. എന്നാൽ ഡൽഹിയിലെ പാർട്ടി പ്രവർത്തക നൽകിയ പരാതിയിലാണ് സുബൈറിനെതിരെ നടപടിയെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. യൂത്ത് ലീഗ് പ്രസിഡണ്ട് സാബിർ ഗഫാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ബംഗാളിലെ പിർസാദ അബ്ബാസ് സിദ്ദീഖി നേതൃത്വം നൽകുന്ന ഇന്ത്യൻ സെക്യുലർ ഫ്രണ്ടിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറി രാജി സമർപ്പിക്കുന്നത്.

കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തിനായി പിരിച്ചെടുത്ത ധനസഹായം വകമാറ്റിയെന്ന ആരോപണമാണ് യൂത്ത്ലീഗ് ദേശീയ നേതൃത്വത്തെ ഈയിടെ പിടിച്ചു കുലുക്കിയത്. പിരിച്ചെടുത്ത ഒരു കോടിയിലേറെ രൂപയിൽ നിന്ന് ഇരകളുടെ കുടുംബങ്ങൾക്ക് ഒരു സഹായവും നൽകിയില്ല എന്ന് പാർട്ടി പുറത്താക്കിയ, യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗം യൂസുഫ് പടനിലമാണ് ആരോപണമുന്നയിച്ചിരുന്നത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ യുവജന യാത്രയ്ക്കായി പണം വകമാറ്റി ചെലവഴിച്ചു എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ യൂത്ത് ലീഗ് നേതാക്കൾ ആരോപണത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പിരിച്ചത് 39 ലക്ഷം രൂപ മാത്രമാണ് എന്നും ഇത് ഇരകളുടെ കുടുംബത്തിനും കേസിൽ ഹാജരായ അഭിഭാഷകനും നൽകിയെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.

സി.കെ സുബൈറും സാബിർ ഗഫാറും
സി.കെ സുബൈറും സാബിർ ഗഫാറും

ആരോപണത്തെ യൂത്ത് ലീഗ് മുൻ നേതാവു കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഏറ്റെടുത്തതോടെയാണ് വിഷയത്തിന് കൂടുതൽ രാഷ്ട്രീയമാനം കൈവന്നത്. കേസ് നടത്താൻ ഏതു വക്കീലിനാണ് ലക്ഷങ്ങൾ കൊടുത്തത്? എന്നാണ് നൽകിയത്? ഏത് ബാങ്ക് മുഖേനയാണ് ട്രാൻസ്ഫർ ചെയ്തത്? ചെക്കായിട്ടാണ് കൊടുത്തതെങ്കിൽ ചെക്ക് നമ്പർ എത്രയാണ്? കത്വയിലെ ബാലികയുടെ മാതാവിനും പിതാവിനും നൽകി എന്ന് പറയപ്പെടുന്ന പണം നേരിട്ടാണോ ബാങ്ക് മുഖേനയാണോ കൈമാറിയത്? - തുടങ്ങിയ ചോദ്യങ്ങളാണ് ജലീൽ ഉന്നയിച്ചിരുന്നത്.

സുബൈർ രാജിവച്ചതിന് പിന്നാലെ, 'യൂസുഫ് പടനിലത്തിന്റെ മാരക പേസ് ബൗളിങ്ങിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ക്ലീൻ ബൗൾഡ്, തട്ടിയും മുട്ടിയും ക്രീസിലുള്ള സംസ്ഥാന നേതാവിന്റെ വിക്കറ്റിന് കാതോർത്ത് യൂത്ത്ലീഗിലെ സംശുദ്ധവാദികൾ' എന്നാണ് ജലീൽ പ്രതികരിച്ചത്. പികെ ഫിറോസിന്റെ ഉന്നമിട്ടായിരുന്നു ജലീലിന്റെ ഒളിയമ്പ്.
രാഹുൽ ഗാന്ധിക്കൊപ്പം സി.കെ സുബൈർ
രാഹുൽ ഗാന്ധിക്കൊപ്പം സി.കെ സുബൈർ

സുനാമി പുരനധിവാസത്തിനായി പിരിച്ച ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ജലീലിനെ ലീഗ് പുറത്താക്കിയിരുന്നത്. യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെയാണ് ജലീൽ ലീഗിൽ നിന്ന് പുറത്തായത്. ഇതിന് മുമ്പ് യൂത്ത് അഖിലേന്ത്യാ കൺവീനറായിരുന്നു ജലീൽ.

സുബൈറിന് കീഴിലെ യൂത്ത് ലീഗ്

ദേശീയ നേതൃത്വത്തിലേക്കുള്ള പ്രൊമോഷൻ മുസ്ലിം ലീഗിൽ മിക്കപ്പോഴും പണിഷ്മെന്റ് ട്രാൻസ്ഫറാണ്. പാർലമെന്റിലേക്ക് അയക്കുന്നത് പോലും പാർട്ടിയിൽ പലപ്പോഴും 'ഒതുക്കലാണ്'. എന്നാൽ തനിക്ക് ലഭിച്ച ദേശീയ നേതൃത്വം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ വിജയിച്ച വ്യക്തിയാണ് സി.കെ സുബൈർ.

കോഴിക്കോട് ജില്ലയിലെ ലീഗ് ശക്തികേന്ദ്രമായ വാണിമേലാണ് സുബൈറിന്റെ സ്വദേശം. ലീഗ് പ്രാദേശിക നേതാവും മുജാഹിദ് പ്രവർത്തകനുമായ, നാട്ടിൽ ഏറെ സ്വീകാര്യനായ പിതാവിൽ നിന്ന് തന്നെയാണ് സുബൈർ രാഷ്ട്രീയ പാഠങ്ങൾ പഠിക്കുന്നത്.

2017ൽ സി.കെ സുബൈർ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം ദേശീയ ശ്രദ്ധയാകർഷിക്കുന്ന നിരവധി വിഷയങ്ങളിലാണ് യൂത്ത് ലീഗ് ഇടപെട്ടത്.

സുബൈറിന്റെ രാജിയിലുലഞ്ഞ് യൂത്ത്‌ലീഗ്; ഞെട്ടല്‍ വിട്ടുമാറാതെ പ്രവര്‍ത്തകര്‍

പൗരത്വ പ്രക്ഷോഭത്തിൽ കേന്ദ്രസർവകലാശാലകളിലെ വിദ്യാർത്ഥികളെ ഉപയോഗിച്ച് സമരങ്ങൾ സംഘടിപ്പിച്ചത്, കത്വ, ഉന്നാവോ കേസുകളിൽ അഭിഭാഷകരെ വച്ച് കേസ് നടത്തിയത്, യുപി ഹാംപൂരിലെ പിലഖ്വയിൽ സംഘ് ഭീകരർ കൊലപ്പെടുത്തിയ മുഹമ്മദ് ഖാസിമിന്റെ കുടുംബത്തിന് വീട് വച്ചു നൽകിയത്, പശുഭീകരർ കൊലപ്പെടുത്തി മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിന് സഹായം ഉറപ്പുവരുത്തിയത്, ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചത്, പൗരത്വ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലടക്കപ്പെട്ട സഫൂറ സർഗാർ, മീരാൻ ഹൈദർ, ഷിഫാഉർറഹ്‌മാ, ഗുൽഷിഫ എന്നിവർക്കു വേണ്ടി ഇടപെട്ടത്, ഷാഹീൻബാഗിൽ നടത്തിയ ഐക്യദാർഢ്യം, ഡൽഹി കലാപത്തിന്റെ മുഖമായ അയാന്റെ വീട്ടിലെത്തി സഹായധനം കൈമാറിയത്, ഡൽഹിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിച്ചത്, അസമിലെ സിൽച്ചറിൽ വർഗീയ സംഘർഷത്തിലെ ഇരകൾക്ക് നിയമസഹായം വാഗ്ദാനം ചെയ്തത്... ഇങ്ങനെ യൂത്ത് ലീഗിന്റെ ഒരു മുൻ കമ്മിറ്റിയും നടത്താത്ത ഇടപെടലുകളാണ് സുബൈറിന് കീഴിൽ സംഘടന നടത്തിയത്. യൂത്ത് ലീഗിന്റെ ഇത്തരം ഇടപെടലുകൾക്ക് സമാന്തരമായാണ് രാജ്യത്തെ വിവിധ സെൻട്രൽ യൂനിവേഴ്‌സിറ്റികളിൽ എം.എസ്.എഫ് ഘടകങ്ങൾ രൂപീകരിക്കപ്പെടുന്നത്.

യൂത്ത് ലീഗിന്റെ വിവിധ ഇടപെടലുകളും സെൻട്രൽ യൂനിവേഴ്‌സിറ്റികളിലെ എം.എസ്.എഫ് പ്രവർത്തനങ്ങളും ചേർന്ന് വന്നപ്പോൾ ദേശീയ തലത്തിൽ തന്നെ അത് ലീഗിന് നല്ല ദൃശ്യത നൽകി.

ഇതിന് പുറമേ, ജാർഖണ്ഡിൽ പാർട്ടി കെട്ടിപ്പടുക്കാനും പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ചില മണ്ഡലങ്ങളിൽ ഒരു കൈ നോക്കാനും ലീഗ് ധൈര്യം കാണിച്ചു. ഇ.ടി മുഹമ്മദ് ബഷീന്റെ നേതൃത്വത്തിൽ സുബൈറിന് പുറമേ, സിപി ബാവഹാജിയും ഇതിൽ സഹകരിച്ചു. എസ്.ഡി.പി.ഐ, എ.ഐ.എം.ഐ.എം തുടങ്ങിയ മുസ്ലിം രാഷ്ട്രീയ കക്ഷികൾ ഉത്തരേന്ത്യയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ ലീഗിന് ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്ന വിമർശനങ്ങൾക്കിടെയായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ലീഗ് അണികൾക്ക് ആവേശം പകരുന്ന കാഴ്ചകളായിരുന്നു ഇവ. ഉത്തരേന്ത്യയിൽ ധാരാളം യാത്ര ചെയ്യുന്നതിന് ഒപ്പം രാംപുനിയാനി, ദീപിക സിങ് രജാവത്ത്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങി നിരവധി പേരെ കേരളത്തിൽ ലീഗിന്റെ വേദികളിൽ എത്തിക്കാനും സുബൈറിനായി.

സംസ്ഥാന യൂത്ത് ലീഗ്, മുസ്‌ലിംകളെ ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറി നിൽക്കുമ്പോഴായിരുന്നു യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ കൃത്യതയുള്ള ഇടപെടലുകൾ.

രാഷ്ട്രീയ ഭാവി ഇനിയെന്താകും?

സംഘടനയ്ക്ക് ദേശീയ ദൃശ്യത കൈവരുന്ന സാഹചര്യത്തിലാണ് സുബൈർ രാജി വയ്ക്കുന്നത്. ദേശീയ തലത്തിലെ പ്രകടനമികവിന് പിന്നാലെ, നിയമസഭയിലേക്കും ലോക്സഭയിലേക്കും സുബൈറിന്റെ പേര് നേതൃത്വത്തിന്റെ ആലോചനയിലുണ്ടായിരുന്നു.

മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം
മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം

പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്ന് സുബൈറിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ചില യൂത്ത്ലീഗ് നേതാക്കൾ ഉന്നയിച്ചിരുന്നത്. രാജ്യസഭയിലേക്കും സുബൈറിന്റെ പേര് നിർദേശിച്ചവരുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുബൈർ സ്ഥാനാർഥിയാകുമെന്ന ചർച്ചയും ഉയർന്നു കേട്ടിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയഭാവി തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ യൂത്ത്ലീഗ് നേതാവിന്റെ രാജിയുണ്ടാകുന്നത്. വലിയ ഞെട്ടലോടെയാണ് അപ്രതീക്ഷിതമായ ഈ സംഭവവികാസങ്ങളെ അണികൾ കാണുന്നത്.