സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദുവിൽ നിന്നും മൊഴിയെടുക്കാനാകാതെ കസ്റ്റംസ് സംഘം മടങ്ങി
സ്വർണകടത്തിന് പിന്നിൽ ദുബൈയിലുള്ള ഹനീഫ ആണെന്നാണ് ബിന്ദു പറയുന്നത്
ആലപ്പുഴ മാന്നാറിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ബിന്ദുവിൽ നിന്നും മൊഴിയെടുക്കാനാകാതെ കസ്റ്റംസ് സംഘം മടങ്ങി. ബിന്ദുവിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് പിന്നീട് നോട്ടീസ് നൽകും. സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയല്ലെന്നും ദുബൈയിൽ നിന്ന് തന്നയച്ചത് സ്വർണമാണെന്ന് അറിഞ്ഞപ്പോൾ മാലി എയർപോർട്ടിൽ ഉപേക്ഷിച്ചെന്നും ബിന്ദു പറഞ്ഞു.
സ്വർണകടത്തിന് പിന്നിൽ ദുബൈയിലുള്ള ഹനീഫ ആണെന്നാണ് ബിന്ദു പറയുന്നത്. കഴിഞ്ഞ 19ന് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഹനീഫ ഒരു പൊതി ഏൽപ്പിച്ചു. ഇത് സ്വർണമാനെന്നറിഞ്ഞപ്പോൾ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മുമ്പ് ഹനീഫ കൊടുത്തുവിട്ട പൊതികൾ നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് ബിന്ദു സമ്മതിച്ചു.
നാലംഗ സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. ഇവർ മുഹമ്മദ് ഹനീഫയുടെ ആളാണെന്ന് തിരിച്ചറിഞ്ഞെന്നും ബിന്ദു പറഞ്ഞു. കേസിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിന്ദുവിനെ ചോദ്യം ചെയ്യാൻ മാന്നാറിൽ എത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ സംഘം മടങ്ങി. പിന്നീട് നോട്ടീസ് നൽകാനാണ് കസ്റ്റംസ് തീരുമാനം. അതേസമയം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.