പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ സേവാവാഹിനി ആംബുലന്‍സില്‍ തോക്കുമായി എത്തിയ രണ്ട് പേര് അറസ്റ്റില്‍
തോക്കുമായെത്തിയവർ ആർ.എസ്.എസുകാരാണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു

എറണാകുളം പറവൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ റാലി നടക്കുന്ന സമയത്ത് സേവാവാഹിനി ആംബുലന്‍സില്‍ തോക്കുമായി എത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തോക്കുമായെത്തിയവർ ആർ.എസ്.എസുകാരാണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. അറസ്റ്റിലായവരുടെ പക്കലുണ്ടായിരുന്നത് എയര്ഗണ്ണാണെന്നാണ് പൊലീസ് പറയുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്തെങ്ങും പ്രകടനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പറവൂരില്‍ നടന്ന പ്രകടത്തിനിടയിലാണ് രണ്ടുപേർ തോക്കുമായി എത്തിയത്. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവരെയാണ് തോക്കുമായി കണ്ടത്. പ്രകടത്തിന് പിന്നാലെ ഉണ്ടായിരുന്ന പൊലീസുകാരെ കണ്ട മിഥുനും ശങ്കറും തോക്കുകള്‍ അമ്പാടി സേവ കേന്ദ്രത്തിന്റെ ആംബുലന്‍സിലേക്ക് മാറ്റി. ആംബുലന്‍സിന്റെ ഡ്രൈവറാണ് മിഥുന്. പ്രകടനത്തില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പോപ്പുലർ ഫ്രണ്ടിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ തോക്ക് ഒളിപ്പിച്ച അമ്പാടി സേവ കേന്ദ്രത്തിന്റെ ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുനമ്പം ഡി.വൈ.എസ്.പി ആര് ബൈജുകമാര്‍ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു. ലൈസന്‍സ് ആവശ്യമില്ലാത്ത എയർഗണ്‍ ആണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.