93 കാരിയെ മാസ്ക് ധരിക്കാന്‍ സഹായിച്ച് രാഹുല്‍: വീഡിയോ വൈറല്‍
ഇന്ന് മേപ്പാടിയില്‍ വെച്ച് രാഹുലിനെ കാണാനായി കാത്തുനിന്ന ഒരു 93 കാരി മുത്തശ്ശിയോടൊപ്പമുള്ള രാഹുലിന്റെ സമാഗമവും വൈറലാകുകയാണ്

വയനാട് സന്ദര്‍ശനത്തിലാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ സൌമ്യമായ ഇടപെടലുകളുടെ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇന്ന് മേപ്പാടിയില്‍ വെച്ച് രാഹുലിനെ കാണാനായി കാത്തുനിന്ന ഒരു 93 കാരി മുത്തശ്ശിയോടൊപ്പമുള്ള രാഹുലിന്റെ സമാഗമവും വൈറലാകുകയാണ്.
മുത്തശ്ശിയെ ചേര്‍ത്തുപിടിച്ച് കൂടെ ഉള്ള ആളോടായി, അവരോട് മാസ്ക് ധരിക്കാന്‍ പറയൂ.. അവര്‍ പ്രായമായ ആളല്ലേ എന്ന് രാഹുല്‍ പറയുന്നുണ്ട്. അതോടെ കയ്യില്‍ ചുരുട്ടിപ്പിടിച്ച ഒരു വെള്ള മാസ്ക് ആ മുത്തശ്ശി എടുത്ത് ധരിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് ഇടാന്‍ രാഹുലും കൂടെ സഹായിക്കുന്നത് വീഡിയോയില്‍ കാണാം..
മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങരുതെന്ന് രാഹുല്‍ വീണ്ടും പറയുമ്പോള്‍ കൂടെയുള്ള മരുമകള്‍, ഇല്ല അങ്ങനെ പുറത്തിറങ്ങാറില്ല, ഇതിപ്പോ പെട്ടെന്ന് കണ്ടപ്പോള്‍, ആ സന്തോഷത്തില്‍ ഇറങ്ങി വന്നതാണ് എന്ന് മറുപടി നല്‍കുന്നുണ്ട്. അമ്മ മാസ്ക് ധരിക്കാതെ നില്ക്കുന്നതില് രാഹുലിന് വിഷമമുണ്ടെന്നും, അമ്മ വയസ്സായ ആളല്ലേ എന്നും രാഹുലിന്റെ കൂടെയുള്ള ആള് വീണ്ടും ആ മുത്തശ്ശിയോടായി വിശദീകരിക്കുന്നുണ്ട്.
അമ്മയ്ക്ക് കാഴ്ചയ്ക്ക് തകരാറുണ്ടോ, തന്നെ ശരിക്ക് കാണുന്നുണ്ടോ, മനസ്സിലാകുന്നുണ്ടോ എന്നൊക്കെ രാഹുല്‍ ചോദിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്നു സ്ത്രീ, അപ്പോള്‍ അമ്മയ്ക്ക് കണ്ണിന് ഓപ്പറേഷന് കഴിഞ്ഞതാണെന്ന് പറയുന്നുണ്ട്. അപ്പോഴേക്കും രാഹുലിനെ കണ്ട സന്തോഷത്തില്‍ ആ അമ്മ കൂപ്പുകൈയുമായി നില്‍ക്കുകയാണ്. തനിക്ക് രാഹുലിനെ മനസ്സിലാകുന്നുണ്ടെന്ന് കൂപ്പു കൈയോടെ ആ അമ്മ പറയുന്നു.
എത്രമക്കളുണ്ടെന്ന രാഹുലിന്റെ ചോദ്യത്തിന്, 8 മക്കളുണ്ടെന്ന് മറുപടി. 93 വയസ്സായെന്ന് ചോദിക്കാതെ തന്നെ പറയുന്നു. എല്ലാ മക്കളും നല്ലനിലയിലാണോ എന്ന ചോദ്യത്തിന് എല്ലാ മക്കളും എന്റെ അയല്‍ക്കാര്‍ എന്നാണ് അമ്മ മറുപടി നല്‍കുന്നത്.
അമ്മ ഭയങ്കര പോസിറ്റീവാണല്ലോ എന്നും കണ്ടതില്‍ സന്തോഷമായി എന്നും രാഹുല്‍ അമ്മയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറയുന്നുണ്ട്. തന്റെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുന്നുണ്ട് പിന്നെ ആ അമ്മ. എന്റെ വീട്ടിലിരിക്കുന്നോ എന്നാണ് അമ്മ രാഹുലിനോട് ചോദിക്കുന്നത്. പിന്നെ മക്കളെയും പേരക്കുട്ടികളെയും തറവാടും മക്കളുടെ വീടും എല്ലാം പരിചയപ്പെടുത്തി കൊടുക്കുന്നു.
ഇനിയും നിന്നാല്‍ സമയം പോകും എന്ന് പറഞ്ഞാണ് അവസാനം രാഹുല്‍ ആ മുത്തശ്ശിയുടെ അടുത്ത് നിന്ന് യാത്ര പറഞ്ഞ് പോരുന്നത്.