LiveTV

Live

Kerala

പിഎച്ച്ഡി ക്രമക്കേട് ആരോപിച്ച് കാലടി സർവകലാശാല പ്രൊഫസർ സ്വയംവിരമിക്കലിന് അപേക്ഷ നൽകി

ഡോ വി ആർ മുരളീധരനാണ് വിരമിക്കലിന് അപേക്ഷ നൽകിയത്.

പിഎച്ച്ഡി ക്രമക്കേട് ആരോപിച്ച് കാലടി സർവകലാശാല പ്രൊഫസർ  സ്വയംവിരമിക്കലിന് അപേക്ഷ നൽകി

പിഎച്ച്ഡി പ്രവേശനത്തിൽ ക്രമക്കേട് ആരോപിച്ച് കാലടി സർവകലാശാല പ്രൊഫസർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ഡോ വി ആർ മുരളീധരനാണ് വിരമിക്കലിന് അപേക്ഷ നൽകിയത്. പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർ നടത്തുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് ഡോ വി ആർ മുരളീധരൻ ആരോപിച്ചു.

കാലടി സംസ്കൃത സർവകലാശാലയിലെ 2021ലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ തുടർച്ചയായാണ് സർവകലാശാലയിലെ സംസ്കൃത വിഭാഗം പ്രൊഫസറും ഡീനുമായ ഡോ.വി ആർ മുരളീധരൻ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്. രജിസ്ട്രാര്‍ക്കാണ് അപേക്ഷ നൽകിയത്. സർവകലാശാല അധികൃതർക്കെതിരെ ഗുരുതരമായ ആരോപണവും രജിസ്ട്രാർക്കയച്ച കത്തിൽ മുരളീധരൻ ഉന്നയിച്ചു.

പിഎച്ച്ഡി പ്രവേശനത്തിൽ സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശകൾ പോലും അവഗണിച്ച് നിയമവിരുദ്ധവും അധാർമികവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിയമാനുസൃതമായി നടന്ന പിഎച്ച്‍ഡി പ്രവേശനം തടഞ്ഞുവെച്ച സർവകലാശാല അധികൃതരുടെ നടപടി അപമാനകരമാണ്. സംതൃപ്തിയോടെ ജോലിയിൽ തുടരാൻ സാധിക്കാത്തതിനാൽ സ്വയം വിരമിക്കാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു.

എസ്എഫ്ഐ നേതാക്കൾക്ക് വേണ്ടി പിഎച്ച്ഡി പ്രവേശനം അട്ടിമറിച്ചെന്ന് പരാതി നൽകിയ സംസ്കൃത വിഭാഗം അധ്യക്ഷൻ ഡോ.പി വി നാരായണനെ തൽസ്ഥാനത്ത് നിന്ന് നേരത്തെ നീക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ പി വി നാരായണൻ ദീർഘ അവധിയിൽ പ്രവേശിച്ചു. സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയെ കാലടി സര്‍വ്വകലാശാലയുടെ മലയാളം വിഭാഗത്തില്‍ നിയോഗിച്ചതും നേരത്തെ ആരോപണത്തിന് ഇടയാക്കിയിരുന്നു.