LiveTV

Live

Kerala

കാരാട്ട് റസാഖ് തിരികെ മുസ്‍ലിം ലീഗിലേക്ക്?; ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി

പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും ഈ മാസം ആറിന് കോഴിക്കോട് വെച്ച് കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തി

കാരാട്ട് റസാഖ് തിരികെ
മുസ്‍ലിം ലീഗിലേക്ക്?; ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി

കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിനെ തിരികെ കൊണ്ടുവരാന്‍ മുന്‍കൈയ്യെടുത്ത് മുസ്‍ലിം ലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും ഈ മാസം ആറിന് കോഴിക്കോട് വെച്ച് കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതെന്ന് കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു.

ലീഗിലേക്ക് തിരിച്ചുവരണമെന്ന ചര്‍ച്ച ലീഗ് സംസ്ഥാന നേതാക്കന്‍മാരുടെ അടുത്ത് നിന്നുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ നേതാക്കളാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്. തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച പ്രാദേശികമായിട്ടുള്ള ആളുകള്‍ ലീഗില്‍ നിന്നും പുറത്തുകടന്നതിന് ശേഷം എതിരാണെന്നും ചര്‍ച്ചയില്‍ പ്രസക്തിയില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. കൊടുവള്ളിയിൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി കാരാട്ട് റസാഖിനെ തന്നെ മല്‍സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ലീഗിലേക്ക് തിരികെ എത്തിക്കാനുള്ള അണിയറ നീക്കം നടക്കുന്നത്.

മുസ്‍ലിം ലീ​ഗ് ജില്ലാ സെക്രട്ടറിയായിരുന്ന എം.എ റസാഖിനെ 573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാരാട്ട് റസാഖ് കൊടുവള്ളി മണ്ഡലം പിടിക്കുന്നത്. മുസ്‍ലിം ലീ​ഗിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങിയ കാരാട്ട് റസാഖ് തൊട്ടടുത്ത ദിവസം ഇടതുപിന്തുണയിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ‌