LiveTV

Live

Kerala

നിഷ്ഠയുള്ള സസ്യാഹാരി, ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല; ഇ ശ്രീധരൻ

"ബിജെപി അഴിമതിരഹിതമായ, കഠിനാധ്വാനികളുടെ പാർട്ടിയാണ്"

നിഷ്ഠയുള്ള സസ്യാഹാരി, ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല; ഇ ശ്രീധരൻ

പാലക്കാട്: തികഞ്ഞ സസ്യാഹാരിയാണ് എന്നും മുട്ട പോലും കഴിക്കാറില്ല എന്നും മെട്രോ മാൻ ഇ ശ്രീധരൻ. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും ഡെൽഹി മെട്രോ മുൻ എംഡി പറഞ്ഞു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം എന്നതായിരുന്നു അവതാരക സോണിയ സിങ്ങിന്റെ ചോദ്യം.

വ്യക്തിപരമായി ഞാൻ വളരെ നിഷ്ഠയുള്ള സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ തീർച്ചയായും ഇഷ്ടമല്ല
ഇ ശ്രീധരൻ

ലവ്ജിഹാദ് ആരോപണത്തിലും ശ്രീധരൻ മറുപടി നൽകി. ലവ് ജിഹാദ് ഉണ്ട്, അത്തരം കാര്യങ്ങളെ എതിർക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും' - അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മനസ്സു തുറന്നു.

' തന്റെ പ്രൊഫഷണൽ ഉത്തരവാദിത്വങ്ങൾ അവസാനിച്ചു. അതു കൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. കേരളത്തിൽ ബിജെപിയുടെ പരിമിതിയെ കുറിച്ച് ബോധവാനാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും അവർ പ്രകടമായ ഒരു വികസനവും കൊണ്ടു വന്നിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വലിയ വ്യവസായം പോലും കേരളത്തിൽ വന്നിട്ടില്ല. അഴിമതിയും കൂടുതലാണ്- അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് ഒരു എംഎൽഎ ആണ് ഉള്ളത്. എന്നാൽ കേരളത്തിൽ ബിജെപിയുടെ പ്രതിച്ഛായ നന്നാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിജെപി അഴിമതിരഹിതമായ, കഠിനാധ്വാനികളുടെ പാർട്ടിയാണ്. മോദിയുമായി മാത്രമല്ല, മുൻ പ്രധാനമന്ത്രി വാജ്‌പേയിയുമായും തനിക്ക് നല്ല ബന്ധമുണ്ട്. വാജ്‌പേയി ടിക്കറ്റെടുത്താണ് മെട്രോയിൽ സഞ്ചരിച്ചത്
ഇ ശ്രീധരൻ

ബിജെപിയെ വർഗീയ കക്ഷിയായി ചിത്രീകരിക്കുകയാണ്. അത് വർഗീയ കക്ഷിയല്ല. ദേശസ്‌നേഹികളുടെ പാർട്ടിയാണത്. എല്ലാ സമുദായങ്ങളും തുല്യമാണ് എന്നാണ് മോദി സർക്കാറിന്റെ മനോഭാവം. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ താനതു കേട്ടിട്ടുണ്ട്. മോദി ഏതെങ്കിലും മതത്തെ ആക്രമിച്ചിട്ടില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.