കാപ്പനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ തർക്കം
കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് ആവർത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കൊടിക്കുന്നിൽ സുരേഷും പിന്തുണച്ചു

മാണി സി. കാപ്പനെ ചൊല്ലി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തര്‍ക്കം. കാപ്പന് കോണ്‍ഗ്രസില്‍ ചേരണമെന്ന നിലപാട് കെ.പി.സി.സി അധ്യക്ഷനടക്കം ഒരു വിഭാഗം സ്വീകരിച്ചു. എന്നാല്‍ എല്‍.ഡി.എഫില്‍ പരമാവധി പിളര്‍പ്പ് സൃഷ്ടിക്കുകയാണ് വേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. 12 സീറ്റ് വേണമെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാട് തെരഞ്ഞെടുപ്പ് സമിതി തള്ളി.
കാപ്പനെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന കാര്യത്തിലാണ് തര്‍ക്കം. കാപ്പന് കോണ്‍ഗ്രസില്‍ ചേരണമെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും മുലപ്പള്ളി രാമചന്ദ്രന് ആവര്‍ത്തിച്ചു. കൊടിക്കുന്നില്‍ സുരേഷ് പിന്തുണച്ചു. എന്നാല്‍ എല്‍.ഡി.എഫില്‍ പരമാവധി പിളര്‍പ്പ് ഉണ്ടാക്കി മുതലാക്കുകയാണ് വേണ്ടതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. പരമാവധി ആളുകള്‍ കാപ്പനൊപ്പം മുന്നണിയിലേക്ക് വരുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് യു.ഡി.എഫ് യോഗത്തില്‍ ധാരണയാക്കാമെന്ന നിലപാടിലേക്ക് നേതാക്കള്‍ നീങ്ങി.
12 സീറ്റെന്ന പി.ജെ ജോസഫിന്റെ വാശിക്ക് കോണ്‍ഗ്രസ് വഴങ്ങില്ല. ഇക്കാര്യത്തില്‍ ജോസഫുമായി കൂടുതല്‍ ചര്‍ച്ച നടത്താനും ധാരണയായി. ജില്ലകളുടെ ചുമതല എം.പിമാര്‍ക്ക് നല്കി. വയനാടിന്റെ അധിക ചുമതല കെ. മുരളീധരനാണ്. ആലപ്പുഴയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷിനും കോട്ടയത്തിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്കും ആയിരിക്കും.