സി.എ.എ കേസുകൾ; കേരളം തമിഴ്നാടിനെ മാതൃകയാക്കണം; എസ്.ഡി.പി.ഐ
'കേരളത്തിലെ കേസുകൾ പിൻവലിക്കുന്നതിനെ കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് ഒരു വർഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല'

സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കിയ തമിഴ്നാട് സർക്കാരിനെ മാതൃകയാക്കാൻ കേരള മുഖ്യമന്ത്രി തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. ആയിരത്തി അഞ്ഞൂറോളം കേസുകൾ പിൻവലിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമെ ലോക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം കേസുകളും തമിഴ്നാട് സർക്കാർ പിൻവലിക്കുന്നു.
കേരളത്തിലെ കേസുകൾ പിൻവലിക്കുന്നതിനെ കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് ഒരു വർഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല. ഉന്നതരായ രാഷ്ട്രീയ, സാമൂഹിക നേതാക്കൾക്കടക്കം കോടതികളിൽ നിന്ന് സമൻസ് വന്നു കൊണ്ടിരിക്കുകയാണ്. ഇത് ജനവഞ്ചനയും നിയമസഭയോടുള്ള അവഹേളനവുമാണെന്നും മജീദ് ഫൈസി പറഞ്ഞു.
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ച 46 സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു. ടി.ടി. ശ്രീകുമാർ, ഡോ. ജെ. ദേവിക, നാസർ ഫൈസി കൂടത്തായി, കെ.കെ. ബാബുരാജ്, എൻ.പി. ചെക്കുട്ടി, ഹമീദ് വാണിയമ്പലം തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമൻസ് അയച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സമരം ചെയ്തതിന് 529 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ മാത്രം സമരം ചെയ്തവർക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മുസ്ലിം മത സംഘടനകള്‍ക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്. സിഎഎ, എന്‍ആർസി വിരുദ്ധ സമരം ശക്തമായ സമയത്ത് സർക്കാര്‍ കള്ളക്കേസെടുക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. 2020 ജനുവരി 1 മുതല്‍ മാർച്ച് 23 വരെ 519 കേസ്സുകളെടുത്തുവെന്നാണ് വിവരാവകാശ രേഖ. ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കണക്കുകളെടുത്തത്.