യു.പിയില്‍ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി
പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആന്റി ടെറർ സ്ക്വാഡും എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസമാണ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യുപിയില്‍ വെച്ച് അറസ്റ്റിലായത്. നഗരത്തില്‍ സ്ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തവരാണ് ഇവര്‍ എന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം. യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവര്‍ യു.പിയിലെ പ്രധാന സ്ഥലങ്ങളില്‍ അക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഹിന്ദു സംഘടനാ നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായുമാണ് പൊലീസ് ആരോപിക്കുന്നത്. യു.പി പൊലീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ പൊലീസിന്റേത് കെട്ടിച്ചമച്ച കേസാണെന്നും സംഭവം അപലപനീയമാണെന്നും പോപുലര്‍ ഫ്രണ്ട് അറിയിച്ചു. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫിറോസ് നിരപരാധിയാണെന്ന് കുടുബാംഗങ്ങളും പറയുന്നു. ഇത് വരെ ഒരു കേസ് പോലും ഫിറോസിനെതിരെ ഉണ്ടായിട്ടില്ലെന്നും യു.പി പൊലീസ് ഫിറോസിനെ മനഃപൂര്‍വം കുടുക്കിയതാണെന്നും ഭാര്യ പ്രതികരിച്ചു.