"പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കാനിറങ്ങാം" ഇ.ശ്രീധരന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് എന്‍.എസ് മാധവന്
മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്

ബി.ജെ.പിയില്‍ ചേരാനുള്ള ഡി.എം.ആര്.സി ചെയര്മാന് ഇ. ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന് എന്‍.എസ് മാധവന്.
പാലവും തുരങ്കവും നിര്‍മ്മിച്ച ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ ഇറങ്ങാം എന്നാണ് എന്‍.എസ് മാധവന് പ്രതികരിച്ചത്.
മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്.
ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് ഇ. ശ്രീധരൻ പറഞ്ഞു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു.
നാട്ടിനു വേണ്ടി വല്ലതും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഇപ്പോൾ അതിനു കഴിയുക ബി.ജെ.പിയിൽ ചേർന്നാൽ മാത്രമാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായുള്ള സംഘർഷത്തിലാണ് അവർ എപ്പോഴും. ഇ. ശ്രീധരൻ പറഞ്ഞു.
'കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബി.ജെ.പിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.'
'യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും അറ്റാക്ക് ചെയ്യുകയല്ല ഉദ്ദേശ്യം. വ്യക്തിപരമായി അധിക്ഷേപിക്കാനും ചീത്തപറയാനുമില്ല. നാട്ടിൽ വ്യവസായങ്ങൾ വരണം, ആൾക്കാർക്ക് ജോലി വേണം. നമ്മുടെ നാട്ടിൽ ഉള്ളവർ പുറത്തുപോയി ജോലി ചെയ്യുക, പുറത്തുനിന്നുള്ളവർ ഇവിടെ വന്ന് ജോലി ചെയ്യുക എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിൽ മാറ്റം വരണം. വ്യവസായങ്ങൾ വന്നാലേ തൊഴിലവസരങ്ങളുണ്ടാകൂ.'