LiveTV

Live

Kerala

വിജയരാഘവന്‍റെ പ്രസ്താവന ഹിന്ദുക്കളെ വഞ്ചിക്കലാണെന്ന് കെ. സുരേന്ദ്രൻ

കാലാ കാലങ്ങളായി ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് എൽ.ഡി.എഫിനുള്ളതെന്നും അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍

വിജയരാഘവന്‍റെ  പ്രസ്താവന ഹിന്ദുക്കളെ വഞ്ചിക്കലാണെന്ന് കെ. സുരേന്ദ്രൻ

ന്യൂനപക്ഷ വർഗീയതയാണ് അപകടമെന്ന എ. വിജയ രാഘവന്‍റെ പ്രസ്താവന ഹിന്ദുക്കളെ വഞ്ചിക്കലാണെന്ന് ബി.ജെ.പി പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. വിജയ രാഘവന്‍റെ മുതലക്കണ്ണീർ ഭൂരിപക്ഷ സമുദായത്തിന്‍റെ മുന്നിൽ വിലപ്പോകില്ല. കാലാ കാലങ്ങളായി ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് എൽ.ഡി.എഫിനുള്ളതെന്നും അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ബി.ജെ.പി നടത്തുന്ന വിജയ യാത്രയുടെ മുന്നോടിയായി കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ പരാമര്‍ശം. ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് വിജയരാഘവൻ വിവാദ പരാമര്‍ശം നടത്തിയത്. 'ഒരു വർഗീയതയ്ക്ക് വേറൊരു വർഗീയത ഉത്തരം പറയുമോ? ഞങ്ങളാ ചോദ്യം ചോദിച്ചു. ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചു കൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ? അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമ പ്രവർത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ?' - എന്നായിരുന്നു വിജയരാഘവവൻ ഇന്നലെ നടത്തിയ പ്രസ്താവന.

എന്നാൽ പരാമർശം വിവാദമായതോടെ ഇന്ന് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തി. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയുമാണ് എന്നുമാണ് അദ്ദേഹം ആരോപിച്ചത്. 'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിലപാട് അക്കാര്യത്തിൽ വ്യക്തമാണ്. മാധ്യമസുഹൃത്തുക്കൾ വാർത്തകളെ തലകീഴാക്കി നിർത്തി അവരുടെ പ്രവർത്തനം നടത്തുകയാണ്.

കുറച്ചു കളവു കൊടുത്താലേ കാശു കിട്ടൂ എന്നുള്ളതു കൊണ്ട് അങ്ങനെ പ്രവർത്തിക്കുന്ന ചില മാന്യസുഹൃത്തുക്കളും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. ജനങ്ങൾക്ക് അതറിയുകയും ചെയ്യാം. ഭൂരിപക്ഷ വർഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന വർഗീയതയാണ്. ന്യൂനപക്ഷ വർഗീയത നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെ വർഗീയതയാണ്. അതിന്റെ ആപത്ത് എപ്പോഴും കൂടുതലല്ലേ?' - എന്നാണ് വിജയരാഘവൻ പ്രസ്താവന വിശദീകരിച്ചത്.